Connect with us

pc goerge's hate speech

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിന് തിരിച്ചടി; ഉടന്‍ അറസ്റ്റിന് സാധ്യത

Published

|

Last Updated

കൊച്ചി | വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പി സി ജോര്‍ജ് സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചു. വെണ്ണലയിലെ ക്ഷേത്രത്തില്‍ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ആഴ്ചയാണ് വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മുതലെടുപ്പാണ് തനിക്കെതിരായ കേസെന്നും മതങ്ങള്‍ക്ക് ഇടയിലെ ചില അനാചാരങ്ങള്‍ തുറന്നുകാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ജോര്‍ജ് കോടതിയില്‍ പറഞ്ഞത്. പ്രാദേശിക രീതിയില്‍ ചില കാര്യങ്ങള്‍ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

ഇത്‌ തള്ളിയ കോടതി ചില വിദ്വേഷ പരാമര്‍ശങ്ങള്‍ ജോര്‍ജ് നടത്തിയതായി വിലയിരുത്തുകായായിരുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം തള്ളിയിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം നല്‍കിയപ്പോള്‍ കര്‍ശന നിര്‍ദേശങ്ങള്‍ കോടതി ജോര്‍ജിന് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുതെന്ന കോടതിയുടെ നിര്‍ദേശം പി സി ജോര്‍ജ് ലംഘിച്ചതായും എറണാകുളം സെഷന്‍സ് കോടതി വിലയിരുത്തുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് കരുതുന്നത്‌

 

Latest