Editorial
പ്രോസിക്യൂഷന് ഭാഗിക വിജയം
എല്ലാ കോടതി തീര്‍പ്പുകളും കുറ്റമറ്റതോ തീര്‍ത്തും ന്യായമോ ആകണമെന്നില്ല. ബാഹ്യസമ്മര്‍ദങ്ങളും കേസ് നടപടികളുടെ ദൈര്‍ഘ്യവും പ്രതികള്‍ക്ക് തടിയൂരാന്‍ അവസരം നല്‍കാറുണ്ട്.
സിനിമാ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുകയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതി ദിലീപിനെ ജസ്റ്റിസ് ഹണി എം വര്‍ഗീസ് കുറ്റവിമുക്തനാക്കിയത്. ഗൂഢാലോചനാ കുറ്റത്തിനാണ് ദിലീപ്് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങവെ, വഴിയില്‍ വെച്ച് ട്രാവലറില്‍ എത്തിയ അക്രമിസംഘം നടി സഞ്ചരിച്ച കാറിലേക്ക് അതിക്രമിച്ചു കയറി അവരെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് കേസ്. ദിവസങ്ങള്‍ക്കകം മുഖ്യപ്രതി പള്‍സര്‍ സുനിയും സംഘവും അറസ്റ്റിലായി. ഒരു ക്രിമിനല്‍ സംഘത്തിന്റെ ചെയ്തിയെന്ന നിലയിലാണ് സംഭവം തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചതും ഇതടിസ്ഥാനത്തിലായിരുന്നു.
പിന്നീടാണ് സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉടലെടുത്തത്. നടിയെ അക്രമിക്കാന്‍ പള്‍സര്‍ സുനിയെയും സംഘത്തെയും നിയോഗിച്ചത് നടന്‍ ദിലീപാണെന്ന ആരോപണം ഉയര്‍ന്നു. താമസിയാതെ അന്വേഷണ സംഘവും ഇത് സ്ഥിരീകരിച്ചു. ഇതോടെയാണ് കേസ് ജനശ്രദ്ധ നേടിയത്. എങ്കിലും അക്രമി സംഘവും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തുടക്കത്തില്‍ ദിലീപിനെതിരെ മൊഴി നല്‍കിയ സാക്ഷികളില്‍ 28 പേര്‍ മൊഴി മാറ്റിയതും കേസില്‍ നിര്‍ണായകമായി. അക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പൂര്‍വവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ഈ സാക്ഷികളില്‍ മിക്കവരും നേരത്തേ മൊഴി നല്‍കിയത്. പിന്നീട് ഇവര്‍ മാറ്റിപ്പറയുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ വിളിച്ചു ചേര്‍ത്ത ഐക്യദാര്‍ഢ്യ ചടങ്ങില്‍, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗവും ഗൂഢാലോചനാ നിഗമനത്തിന് ശക്തി പകര്‍ന്നിരുന്നു. ‘ക്രിമിനല്‍ ഗൂഢാലോചനയുണ്ട് സംഭവത്തില്‍. ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ ‘അമ്മ’ക്ക് ബാധ്യതയുണ്ടെ’ന്നായിരുന്നു മഞ്ജുവിന്റെ പരാമര്‍ശം.
കേസുകളുടെ നടത്തിപ്പിലും തീര്‍പ്പിലും നിര്‍ണായകമാണ് സാക്ഷി മൊഴി. മറ്റു തെളിവുകളേക്കാളും മിക്കപ്പോഴും കേസിന്റെ ഗതി നിര്‍ണയിക്കുന്നത് സാക്ഷികളാണ്. ‘സാക്ഷിയുടെ വാക്കുകളാണ് നീതിയുടെ അടിത്തറ’യെന്നാണ് നിയമവാക്യം. എങ്കിലും സാക്ഷികളുടെ കൂറുമാറ്റം നീതിന്യായ മേഖലക്കൊരു വെല്ലുവിളിയുമാണ്. പ്രതിസ്ഥാനത്തുള്ളവര്‍ ശക്തരും സ്വാധീനമുള്ളവരുമെങ്കില്‍ കൂറുമാറ്റം സാധാരണമായി മാറിയിരിക്കുന്നു കോടതികളില്‍. സാക്ഷിയുടെ മനസ്സല്ല മാറുന്നത്. സമ്മര്‍ദം, ഭീഷണി, സാമ്പത്തിക നേട്ടം, സാമൂഹികമായി ഒറ്റപ്പെടുമോ എന്ന ഭീതി, നീണ്ടുപോകുന്ന വിചാരണ തുടങ്ങിയ കാരണങ്ങളാല്‍ മനസ്സാക്ഷിയെ വഞ്ചിക്കാന്‍ സാക്ഷികള്‍ നിര്‍ബന്ധിതരാവുകയാണ്. സത്യം തുറന്നു പറഞ്ഞാല്‍ നേരിട്ടേക്കാവുന്ന ഭവിഷ്യത്തില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള സംവിധാനങ്ങളുമില്ല രാജ്യത്ത്. ഒരാള്‍ കണ്ടതോ അനുഭവിച്ചതോ ബോധ്യപ്പെട്ടതോ ആയ കാര്യം നിയമപാലകരുടെ മുമ്പിലോ കോടതിയിലോ തുറന്നു പറയണമെങ്കില്‍ സാമൂഹിക, നിയമ സംരക്ഷണം ഉറപ്പാകണം. അതില്ലാതെ വരുമ്പോള്‍ കണ്ണ് ചിമ്മേണ്ടി വരും. നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും അപകടകരമായ ഒരു വശമാണ് ഇത്തരം കൂറുമാറ്റങ്ങള്‍. കേവലം ഒരു കേസിനെയോ ഇരയെയോ മാത്രമല്ല, നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കുന്നു.
വിധി പ്രസ്താവത്തില്‍ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ദിലീപിനെ കുറ്റവിമുക്തനാക്കിയത് നീതിയുടെ വിജയമായി വിലയിരുത്തുന്നവരും സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവന്നെങ്കിലേ കേസില്‍ നീതി നടപ്പാകൂ എന്ന വീക്ഷണക്കാരുമുണ്ട്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷന്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി അന്തിമമല്ല, അന്തിമ വിധി വരെ അതിജീവിതക്കൊപ്പം നില്‍ക്കുമെന്നാണ് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐ പി എസിന്റെ പ്രതികരണം.
കോടതി വിധിയെ നമുക്ക് മാനിക്കേണ്ടതുണ്ട്. തെളിവുകളെ ആധാരമാക്കിയേ കോടതിക്ക് കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകൂ. സംഭവവുമായി നേരിട്ട് ബന്ധപ്പെടാത്ത ഗൂഢാലോചനക്കാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ച പ്രതികളെ ഗൂഢാലോചന ആരോപിക്കപ്പെടുന്നവരുമായി ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തില്‍ അവരെ കുറ്റവിമുക്തരായി പ്രഖ്യാപിക്കുകയല്ലാതെ കോടതിയുടെ മുമ്പില്‍ വഴികളില്ല. മറ്റുള്ള സംശയങ്ങളെല്ലാം ഒരു പക്ഷേ, മാധ്യമങ്ങളുടെ ‘ട്രയല്‍ ബൈ മീഡിയ’ ( കേസുകളില്‍ കുറ്റവാളികളെയും നിരപരാധികളെയും കുറിച്ച് മുന്‍തീര്‍പ്പ് കല്‍പ്പിക്കുന്ന മാധ്യമ ശൈലി) വഴി ഉടലെടുത്തതാകാം.
അതേസമയം എല്ലാ കോടതി തീര്‍പ്പുകളും കുറ്റമറ്റതോ തീര്‍ത്തും ന്യായമോ ആകണമെന്നില്ല. ബാഹ്യസമ്മര്‍ദങ്ങളും കേസ് നടപടികളുടെ ദൈര്‍ഘ്യവും പ്രതികള്‍ക്ക് തടിയൂരാന്‍ അവസരം നല്‍കാറുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കേസ് പോലെ ജനശ്രദ്ധ നേടിയ കേസായിട്ടും തീര്‍പ്പ് കല്‍പ്പിക്കാന്‍ ഒമ്പത് വര്‍ഷത്തോളമെടുത്തത് പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാനും മൊഴി തിരുത്തിക്കാനും തെളിവുകള്‍ ദുര്‍ബലമാക്കാനും അവസരം നല്‍കിയേക്കാം. കാലദൈര്‍ഘ്യം സാക്ഷികളുടെ ഓര്‍മകളെയും ചിന്തകളെയും ബാധിക്കാനുമിടയുണ്ട്. കേസന്വേഷണവും കോടതി നടപടികളും ഫോറന്‍സിക് പരിശോധന തുടങ്ങി സാങ്കേതിക തെളിവ് ശേഖരണവും പരമാവധി വേഗത്തിലാക്കേണ്ടത് നീതിന്യായ മേഖലയുടെ കാര്യക്ഷമതക്കും വിശ്വാസ്യത നിലനിര്‍ത്താനും അനിവാര്യമാണ്.



