Malappuram
മക്കള്‍ സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് പിഴ
ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ
കൊണ്ടോട്ടി | മക്കൾ സ്‌കൂളിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് പിഴ ചുമത്തിയിരുന്ന കാലമുണ്ടായിരുന്നു കേരളത്തിൽ. ഇന്ന് കുട്ടികൾക്ക് സൗകര്യപ്രദമായ നിലയിൽ സ്‌കൂളിൽ വന്നുപോകാൻ ദൂരം കണക്കാക്കി സ്‌കൂൾ ഉണ്ടാക്കിക്കൊടുക്കണമെന്ന് സുപ്രീം കോടതിക്ക് വിധിക്കേണ്ടി വരുന്നു.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കിയതോടെയാണ് കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കാൻ സർക്കാർ ഉത്തരവിറക്കുന്നത്. കുട്ടികളെ സ്‌കൂളിൽ ചേർക്കാതിരുന്നാൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പും പിഴയും ചുമത്തിയിരുന്നു. പുറമേ കുട്ടി തുടർച്ചയായ ദിവസങ്ങളിൽ സ്‌കൂളിൽ വരാതിരുന്നാൽ കാരണം ബോധിപ്പിക്കുകയും തക്കതായ കാരണമില്ലെങ്കിൽ അതിനും പിഴയും വിധിച്ചിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം നിയമം 49, 5(ഒന്ന്) വകുപ്പ് പ്രകാരമാണ് ഇങ്ങനെ പിഴ ചുമത്തിയിരുന്നത്. കുട്ടി സ്‌കൂളിൽ വരാതിരുന്നതിനുള്ള തക്കതായ മറുപടി വിദ്യാഭ്യാസ സൂപ്രണ്ടിനും പ്രധാനാധ്യാപകനും രേഖാമൂലം എഴുതി നൽകുകയും വേണമായിരുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന ഈ നിയമം ഏറെ ഫലപ്രദമായിരുന്നു. വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനായി മുസ്‌ലിം കുട്ടികൾക്ക് മതപഠന സൗകര്യവും ഹിന്ദു കുട്ടികൾക്ക് മതപരമായ ആചാരങ്ങൾക്ക് പ്രത്യേക അവധിയും നൽകിയിരുന്നു.






