Kerala
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; നാലു പ്രതികള്‍ക്ക് കൂടി ജാമ്യം
കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു.

കൊച്ചി| പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാലു പ്രതികള്‍ക്ക് കൂടി ജാമ്യം. പ്രതികള്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിട്ടത്. റിമാന്‍ഡില്‍ തുടര്‍ന്നിരുന്ന നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ സ്റ്റേയെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. കേസ് അന്വേഷണം അവസാനിച്ചതിനാല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ശ്രീനിവാസനെ ഒരു സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് എന്‍ഐഎ കേസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് കണ്ടെത്തല്‍. കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു.