Connect with us

Health

നമ്മുടെ ഭക്ഷണവും ഭൂമിയുടെ ആരോഗ്യവും!

രുചികരമായ വെജിറ്റേറിയൻ വിഭവങ്ങൾ പരിശീലിക്കുന്നത്, മാംസ ഉപയോഗത്തിന്മേലുള്ള ആശ്രയത്തം കുറക്കാനും ആവശ്യം വേണ്ടുന്ന വിറ്റാമിനുകൾ ഉറപ്പുവരുത്താനും നല്ലതാണ്. ശാരീരിക വളർച്ചക്ക് അത്യാവശ്യമായ മാംസ്യം (protein) സുലഭമായി അടങ്ങിയ പയർ, പരിപ്പ് വർഗങ്ങൾ, സോയ, കടല എന്നിവ ഉപയോഗപ്പെടുത്തുക.

Published

|

Last Updated

ഒരു പുതപ്പിൽ തീരുന്ന തണുപ്പും ഒന്ന് ഫാനിട്ടാൽ തീരുന്ന ചൂടും മാത്രം കണ്ടുപരിചയിച്ച മലയാളികൾ പരിസ്ഥിതി സംരക്ഷണം, ഭൗമതാപനം ഇത്തരം വിഷയങ്ങളിൽ വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ, കടലെടുത്തുപോകുന്ന നമ്മുടെ തീരങ്ങൾ, മുന്പ് കണ്ടിട്ടില്ലാത്ത വിധമുള്ള പേമാരികൾ, അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉഷ്ണ തരംഗങ്ങൾ എന്നീ ദുരന്തങ്ങൾ ഭൗമതാപനം ഇനിയും അവഗണിക്കാനാകുന്നതല്ല എന്ന്‌ നമ്മെ ഓർമിപ്പിക്കുന്നു.

നാം എങ്ങോട്ട് ?

ഇപ്പോഴത്തെ ഭൗമതാപനത്തിന്റെ കാരണങ്ങളിൽ പ്രധാനമായും ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നത്, ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ പുറന്തള്ളലാണ്. ഈ വാതകങ്ങൾ സൂര്യനിൽ നിന്നുള്ള ചൂട് തടസ്സമന്യേ ഭൂമിയിലേക്ക് വരാൻ അനുവദിക്കുന്നതോടൊപ്പം, ഭൂമി പുറന്തള്ളുന്ന ഇൻഫ്രാ റെഡ് കിരണങ്ങളെ ഭൂമിയിൽത്തന്നെ തടയുകയും ചെയ്യുന്നു. വ്യാവസായികവത്കരണം, വനനശീകരണം… എന്നിങ്ങനെ പല കാരണങ്ങളാൽ ദിനംതോറും കൂടുതൽ കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ നമ്മുടെ അന്തരീക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സൗകര്യങ്ങൾ ശീലങ്ങളാകുന്നതോടെ നാം ഉൾപ്പെടുന്ന മനുഷ്യസമൂഹം ഇത്തരം കാരണങ്ങളിൽ കാര്യമായ ഒരു തിരുത്ത്‌ കൊണ്ടുവരാൻ പ്രയാസപ്പെടുന്നത്‌ നമുക്ക് തന്നെ കാണാം. ഊർജാവശ്യത്തിനായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള അമിതാശ്രയമാണ് (ഇപ്പോഴും മൊത്തം ഉപയോഗത്തിന്റെ 83 ശതമാനവും) നമ്മുടെ അന്തരീക്ഷത്തിൽ പ്രധാനമായും ഹരിതഗൃഹ വാതകങ്ങൾ അധികരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മേഖലകൾ ഗ്രീൻ എനർജിയിലേക്ക് മാറുകയാണ് പരിഹാരം എന്നറിയാമെങ്കിലും നമ്മുടെ നിലവിലെ ഊർജ ആവശ്യങ്ങളെ പൂർണമായും ഗ്രീൻ ആകാൻ സാങ്കേതിക വിദ്യകൾ ഇനിയും വളരെ പുരോഗമിക്കേണ്ടതായിട്ടുണ്ട്.

എന്ത് ചെയ്യാം?

ഈയൊരു വിഷമസന്ധിയിലാണ് എതെല്ലാം രീതിയിൽ ഗ്രീൻഹൗസസ് ഗ്യാസസ് എമിഷൻ കുറക്കാം എന്ന് ശാസ്ത്രലോകം അന്വേഷിക്കുന്നത്. പല തുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ, ചതുരംഗത്തിൽ ഓരോ കാലാളിനും പ്രാധാന്യമുള്ളതു പോലെ എല്ലാ വഴികളും ഉപയോഗപ്പെടുത്തേണ്ട ഒരു ഗൗരവം ഈ പ്രശ്നം അർഹിക്കുന്നുണ്ട്. കഴിയുന്നതും പൊതുഗതാഗതം ഉപയോഗിക്കുക, സൈക്കിൾ ഉപയോഗിക്കുക, കാർ പൂളിംഗ് ചെയ്യുക, ഉപയോഗം ഇല്ലാത്ത ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ്‌ ചെയ്യുക… ഇവയെല്ലാം നാം കേട്ടുപരിചയിച്ചതാണ്. എന്നാൽ, ഒരു പോഷകാഹാര വിദഗ്ദ്ധ എന്ന നിലയിൽ പറയാനുള്ളത്, നമ്മുടെ ഭക്ഷണശീലത്തിന് ഇതിൽ എന്ത് പങ്കുണ്ടെന്നാണ്!

എന്തൊക്കെ കരുതലുകൾ സ്വീകരിക്കാം

  • ഭക്ഷണം പാഴാക്കുമ്പോൾ ഉത്പാദനം മുതൽ പാകം ചെയ്യൽ വരെയുള്ള ഊർജ നഷ്ടവും അത് അഴുകുമ്പോൾ ഉണ്ടാകുന്ന GHG നമ്മുടെ പ്രശ്‌നങ്ങളെ വർധിപ്പിക്കുന്നു എന്നും ഓർത്തുകൊണ്ട്, ആവശ്യത്തിന് മാത്രം പാകം ചെയ്യുക.
  • രുചികരമായ വെജിറ്റേറിയൻ വിഭവങ്ങൾ പരിശീലിക്കുന്നത്, മാംസ ഉപയോഗത്തിന്മേലുള്ള ആശ്രയത്തം കുറക്കാനും ആവശ്യം വേണ്ടുന്ന വിറ്റാമിനുകൾ ഉറപ്പുവരുത്താനും നല്ലതാണ്. ശാരീരിക വളർച്ചക്ക് അത്യാവശ്യമായ മാംസ്യം (protein) സുലഭമായി അടങ്ങിയ പയർ, പരിപ്പ് വർഗങ്ങൾ, സോയ, കടല എന്നിവ ഉപയോഗപ്പെടുത്തുക.
  • ആരോഗ്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് രുചികരമായ സമീകൃതാഹാരം ഉറപ്പുവരുത്തുക. അതുവഴി, ക്ഷണിക സന്തോഷത്തിനായി അനാരോഗ്യകരമായ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നത് തടയുകയും ചെയ്യാം.
  • ചെറിയ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കി കുറച്ചെങ്കിലും ഭക്ഷണത്തിന് നമ്മുടെ അടുക്കളയിലേക്കുള്ള ദൂരം കുറച്ചും മാംസ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.

ഭൗമതാപനത്തിന്റെ കൂടുതൽ പ്രശ്‌നങ്ങൾക്കായി കാത്തുനിൽക്കാതെ ഭക്ഷണശീലത്തിൽ ചില നല്ല തിരുത്തലുകൾ വരുത്തി നമുക്ക്‌ നമ്മുടെയും ഭൂമിയാകുന്ന നമ്മുടെ വീടിന്റെയും ആരോഗ്യം സംരക്ഷിക്കാനായികൈകോർക്കാം.