Connect with us

Articles

ഓപണ്‍ സര്‍വകലാശാല: സര്‍ക്കാര്‍ ഒളിച്ചോടുകയാണോ?

റഗുലര്‍ പഠനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാകേണ്ടത് പൗരന്മാരുടെ അവകാശമാണ്. എന്നാല്‍ ഈ അടിസ്ഥാനപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ഓപണ്‍ സര്‍വകലാശാല പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളിലും അനാസ്ഥ പ്രകടമാണ്. ഇതര യൂനിവേഴ്‌സിറ്റികളുടെ ചിറകരിഞ്ഞ് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്നതോടെ അതിന്റെ ആഘാതത്തിന് ശക്തി വര്‍ധിക്കുകയാണ് ചെയ്യുന്നത്.

Published

|

Last Updated

“ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല 2020ലെ 45ാം ഓര്‍ഡിനന്‍സ് പ്രകാരം, 2020 ഒക്ടോബര്‍ രണ്ടിനാണ് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. സംസ്ഥാന നിയമം മൂലം സ്ഥാപിതമാകുന്ന എല്ലാ സര്‍വകലാശാലകളും നിലവില്‍ വന്നതിനു ശേഷം യു ജി സിയുടെ 2(എഫ്) സ്റ്റാറ്റസ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. സര്‍വകലാശാല ഓര്‍ഡിനന്‍സും സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവും അടങ്ങിയ അപേക്ഷ ഓപണ്‍ സര്‍വകലാശാല 28.10.2020ല്‍ തന്നെ യു ജി സിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യു ജി സിയില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നിലവിലുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കേണ്ടതുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിനാലാണ് ഈ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കുന്നത്’- ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു കൊണ്ട് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. കെ ടി ജലീല്‍ നടത്തിയ പ്രസംഗത്തിന്റെ തുടക്ക ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ അഥവാ യു ജി സിയുടെ പ്രതികരണങ്ങളൊന്നും ലഭിക്കാതെയാണ് ഓപണ്‍ സര്‍വകലാശാലയുടെ പ്രഖ്യാപനമെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ഒന്നര വര്‍ഷത്തിനു ശേഷവും അതേ ആശങ്കക്ക് അറുതിയായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ്, കേരള, കണ്ണൂര്‍, എം ജി സര്‍വകലാശാലകളുടെ വിദൂര പഠന, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ഡിഗ്രി, പി ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കാനുള്ള അധികാരം റദ്ദാക്കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുന്നത്. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് കോഴ്‌സുകള്‍ നടത്താന്‍ യു ജി സി വിദൂര വിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കില്‍ മാത്രമേ മറ്റു സര്‍വകലാശാലകള്‍ക്ക് കോഴ്‌സ് നടത്തിപ്പിന് അനുമതി നല്‍കൂ എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നുണ്ട്.

തുടര്‍ ഭരണം മുന്നില്‍ കണ്ടുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കാണ് ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപനമെന്ന ആരോപണങ്ങളെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍. 2020 ഒക്ടോബറില്‍ നടന്ന ഉദ്ഘാടന വേളയില്‍ ഇരുപത് ബിരുദ കോഴ്‌സുകളും ഒമ്പത് ബിരുദാനന്തര കോഴ്‌സുകളുമായി പ്രസ്തുത അക്കാദമിക വര്‍ഷം തന്നെ യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നതാണ്.

തുടര്‍ന്ന് കൃത്യമായ മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് നിയമസഭക്ക് മുമ്പാകെ വെക്കുകയും ചെയ്തു. പക്ഷേ കാര്യമായ ചുവടുവെപ്പുകള്‍ ഒന്നുമുണ്ടായില്ല. കോഴ്‌സുകളുടെ അംഗീകാര പ്രശ്‌നം ചര്‍ച്ചക്കുവന്നപ്പോള്‍ കൊവിഡ് പ്രതിസന്ധി കാരണം യു ജി സി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ പോര്‍ട്ടല്‍ തുറക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ ന്യായീകരണം. മാത്രമല്ല, കഴിഞ്ഞ ഒക്ടോബറില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഇതുവരെയും യൂനിവേഴ്‌സിറ്റിക്ക് യു ജി സി അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിരോധാഭാസമാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ വെളിച്ചത്തുവരുന്നത്.

നിലവില്‍ ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി നിയമം വകുപ്പ് 72(1) പ്രകാരം ഇതര സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താനുള്ള അവകാശമില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം യൂനിവേഴ്‌സിറ്റികള്‍ അപേക്ഷ ക്ഷണിച്ചാല്‍ തന്നെ അവക്ക് നിയമപ്രാബല്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ബില്‍ ഭേദഗതി ചെയ്താല്‍ മാത്രമേ പ്രസ്തുത പ്രശ്‌നത്തിന് പരിഹാരം കാണാനാകുകയുള്ളൂ. മാത്രമല്ല ഇതുവരെയും യു ജി സിയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സ് തുടങ്ങാന്‍ സാധിക്കുകയുമില്ല. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളുടെ അപര്യാപ്തത കാരണം ഓപണ്‍ യൂനിവേഴ്‌സിറ്റികളെയും പാരലല്‍ കോഴ്‌സുകളെയും ആശ്രയിക്കുന്ന ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. അവരുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ക്ക് മേലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി കരിനിഴല്‍ പരത്തിയിരിക്കുന്നത്.

യു ജി സി മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യത്ത് റഗുലര്‍ ഡിസ്റ്റന്‍സ് പഠന സംവിധാനങ്ങള്‍ക്ക് തുല്യ പരിഗണനയാണ് ഉള്ളതെങ്കിലും പ്രായോഗിക തലത്തില്‍ അതിനു വേണ്ടത്ര പരിഗണന ലഭിക്കാറില്ല. ഡിസ്റ്റന്‍സ് കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ വ്യാപകമായ അവഗണനകള്‍ നേരിടുന്നുണ്ട്. അപൂര്‍വമായാണ് അവര്‍ക്ക് അര്‍ഹിച്ച ജോലികള്‍ ലഭിക്കുന്നത്.
ഈ ഘട്ടത്തിലാണ് ഓപണ്‍ സര്‍വകലാശാല തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത്. റഗുലര്‍ പഠനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാകേണ്ടത് പൗരന്മാരുടെ അവകാശമാണ്. എന്നാല്‍ ഈ അടിസ്ഥാനപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ഓപണ്‍ സര്‍വകലാശാല പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളിലും അനാസ്ഥ പ്രകടമാണ്. ഇതര യൂനിവേഴ്‌സിറ്റികളുടെ ചിറകരിഞ്ഞ് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്നതോടെ അതിന്റെ ആഘാതത്തിന് ശക്തി വര്‍ധിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്ത് കേരളമല്ലാത്ത സംസ്ഥാനങ്ങളിലും ഓപണ്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി കൂടാതെ പതിമൂന്ന് ഓപണ്‍ യൂനിവേഴ്‌സിറ്റികളാണ് ഉള്ളത്. എന്നാല്‍ അവയൊന്നും അതതു സംസ്ഥാനങ്ങളിലെ സാധാരണ യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന രൂപത്തിലല്ല സംവിധാനിക്കപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് ഓപണ്‍ യൂനിവേഴ്‌സിറ്റി ഉദാഹരണം. അവിടെ ഓപണ്‍ യൂനിവേഴ്‌സിറ്റിക്ക് പുറമെ മറ്റു യൂനിവേഴ്‌സിറ്റികള്‍ക്കും വിദൂര കോഴ്‌സുകള്‍ നടത്താനുള്ള അധികാരമുണ്ട്. ഉപരിപഠന മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളാണ് അതുവഴി ലഭിക്കുന്നത്. എന്നാല്‍ ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ആരംഭത്തോടെ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധികള്‍ രൂപപ്പെടുകയാണ് ചെയ്തത്. ഓപണ്‍ യൂനിവേഴ്‌സിറ്റി നിയമം ഭേദഗതി നടത്തി സര്‍ക്കാര്‍ ദ്രുതഗതിയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്.

ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ തുടര്‍ പഠനത്തിന് പാരലല്‍ കോളജുകളെ സമീപിക്കുന്ന അവസരമാണിത്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതര സംസ്ഥാനങ്ങളിലെ ഓപണ്‍ യൂനിവേഴ്‌സിറ്റികളെ ആശ്രയിക്കുക മാത്രമാകും അവര്‍ക്കു മുമ്പില്‍ ഉള്ള ഏക പോംവഴി. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ വിദൂര പഠന സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരണം. എന്നാല്‍ മാത്രമേ നിലവില്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുകയുള്ളൂ.

പിന്‍കുറി: “വിദ്യകൊണ്ട് സ്വതന്ത്രരാകുക’ എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളാണ് കേരള ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ മുഖവാചകം. ഇതര യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തന പരിധി നിഷേധിച്ച് വിദ്യകൊണ്ട് സ്വതന്ത്രരാകാനും പ്രബുദ്ധരാകാനുമുള്ള വിദ്യാര്‍ഥികളുടെ പരിശ്രമങ്ങളെ വ്യര്‍ഥമാക്കരുത്.

Latest