editorial
ആണവോർജ ബില്ല് ഇന്ത്യയുടെ "ശാന്തി' കെടുത്തരുത്
നിലവിലെ നിയമനിര്‍മാണം ഫോസിലിതര ഊര്‍ജ സ്രോതസ്സിനുള്ള ചുവടുവെപ്പാണെന്ന് പറയുന്നത് യാഥാര്‍ഥ്യമല്ല. മറിച്ച് സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് സാമ്പത്തികവും നിയമപരവുമായ രക്ഷാകവചം സൃഷ്ടിക്കുന്നിനുള്ളതാണ് ബില്ല്. ഇതുയര്‍ത്തുന്ന സുരക്ഷാ, മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളാണ് ഏറ്റവും പ്രധാനം.
ഏറെ ദൂരവ്യാപക പ്രഭാവമുണ്ടാക്കാവുന്ന രണ്ട് ബില്ലുകള്‍ക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. അവയില്‍ പ്രധാനം രാജ്യത്തെ ആണവോര്‍ജ മേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നിടുന്ന ബില്ലാണ്. മറ്റൊന്ന് ഇന്‍ഷ്വറന്‍സ് മേലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ളതും.
ചെറുകിട ആണവോര്‍ജ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരമൊരുക്കുന്നതാണ് “ശാന്തി’ (സസ്റ്റെയിനബിള്‍ ഹാര്‍നെസിംഗ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ) ബില്ല്. പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ “ശാന്തി’യെന്ന വാക്കിന് നേര്‍വിപരീതത്തിലാണ് ബില്ലിന്റെ ഉള്ളടക്കം നില്‍ക്കുന്നത്. ഏറെ അപകടം പിടിച്ചതും നിരവധിയായ സുരക്ഷാ, പാരിസ്ഥിതിക പ്രശ്‌നങ്ങളുള്‍ക്കൊള്ളുന്നതുമായ ആണവ മേഖലയുടെ സ്വകാര്യവത്കരണം സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തില്‍ ഊര്‍ജാവശ്യത്തിനുള്ള അനിവാര്യ ചുവടുമാറ്റം മാത്രമായി കാണാനാകുമോ? എന്തെന്ത് താത്പര്യങ്ങളാണ് ഈ നീക്കത്തിന് പിന്നിലുള്ളത്? യു എസ് അടക്കമുള്ള വന്‍ശക്തികളുടെ ഇടപെടല്‍ എത്രമാത്രമുണ്ട്?
2008ൽ ഒപ്പുവെച്ച ഇന്ത്യ- യു എസ് സിവില്‍ ആണവ കരാറിന്റെ ഭാഗമായ ആണവ വാണിജ്യ സാധ്യതയാണ് പുതിയ ബില്ല് തേടുന്നത്. ഇതിനായി ആണവ കമ്പനികള്‍ക്ക് ഇളവുകള്‍ അനുവദിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ആണവ സുരക്ഷ മുന്‍നിര്‍ത്തി 2010ല്‍ പാസ്സാക്കിയ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലെ വ്യവസ്ഥകള്‍ കമ്പനികള്‍ക്ക് വേണ്ടി നേര്‍പ്പിക്കുന്നു. ആണവ ദുരന്തമുണ്ടായാല്‍ ആരാണ് അതിന്റെ ബാധ്യത വഹിക്കേണ്ടത് എന്നതിന് 2010ലെ നിയമത്തിലെ സെക്്ഷന്‍ 17 ബി പോലുള്ള വകുപ്പുകള്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അപകടത്തിന്റെ ബാധ്യത പൊതുജനങ്ങളിലേക്ക് നല്‍കി നിക്ഷേപകരെ തടിയൂരാന്‍ സഹായിക്കുന്നതാണ് പുതിയ ശാന്തി ബില്ല്.
ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം കാലാവസ്ഥാ പ്രതിസന്ധിയുടെ ഗതിവേഗം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ചെറുതും വലുതുമായ ആണവ നിലയങ്ങളാണ് പരിഹാരമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറുന്നതിന് ആവശ്യമായ സ്ഥിരതയുള്ള, ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള, കുറഞ്ഞ കാര്‍ബണ്‍ അടിസ്ഥാന ഊര്‍ജ സ്രോതസ്സ് ആണവോര്‍ജത്തിലൂടെ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വാദം. 2047ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് വൈദ്യുതി ഇന്ത്യക്ക് വേണ്ടിവരുമെന്ന ന്യായം മുന്‍നിര്‍ത്തിയാണ് ബില്ല് കൊണ്ടുവന്നിട്ടുള്ളത്.
ഇന്ത്യയുടെ ആണവോര്‍ജ മേഖലക്ക് സമഗ്ര നിയമ ചട്ടക്കൂട് നല്‍കാന്‍ ബില്ലിന് സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ ആണവോര്‍ജ വകുപ്പിന്റെ ഏക നിയന്ത്രണത്തിലുള്ള നിരവധി മേഖലകളില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് പങ്കാളിത്തം അനുവദിക്കുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്നാണ് വിവരം. ആണവോര്‍ജ ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും മുതല്‍ ഇന്ധന നിര്‍മാണത്തിന്റെ നിര്‍ണായക മേഖല വരെ തുറന്നിടുന്നതാകും ബില്ല്. ഇവയെല്ലാം നിലവില്‍ സര്‍ക്കാറിന്റെ കൈവശമാണ്. ഇങ്ങനെ തുറന്നിടുന്നതോടെ കടന്ന് വരുന്ന കമ്പനികള്‍ സൃഷ്ടിക്കുന്ന ആരോഗ്യകരമായ മത്സരം ആണവോര്‍ജ മേഖലയില്‍ കാര്യക്ഷമതയും ആധുനികവത്കരണവും സാധ്യമാക്കുമെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.
ഈ ന്യായീകരണങ്ങള്‍ കൊണ്ട് മറയ്ക്കാനാകാത്ത നിരവധി വസ്തുതകളുണ്ട്. ബില്ല് നിയമമാക്കും മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അവ ഗൗരവപൂര്‍വം കണ്ടേ തീരൂ. നിലവിലെ നിയമനിര്‍മാണം ഫോസിലിതര ഊര്‍ജ സ്രോതസ്സിനുള്ള ചുവടുവെപ്പാണെന്ന് പറയുന്നത് യാഥാര്‍ഥ്യമല്ല. മറിച്ച് സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് സാമ്പത്തികവും നിയമപരവുമായ രക്ഷാകവചം സൃഷ്ടിക്കുന്നിനുള്ളതാണ് ബില്ല്. ഇതുയര്‍ത്തുന്ന സുരക്ഷാ, മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളാണ് ഏറ്റവും പ്രധാനം.
ചെര്‍ണോബിലും ഫുകുഷിമയുമെല്ലാം ലോകത്തിന് മുമ്പിലുള്ള ഭീകരമായ അനുഭവങ്ങളാണല്ലോ. ചെറിയ ആണവ അപകടങ്ങള്‍ പോലുമുണ്ടാക്കുന്ന കെടുതികള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കാനാകാത്തതുമാണ്. റേഡിയോ ആക്ടീവ് മാലിന്യങ്ങളുയര്‍ത്തുന്ന ഈ അപകടസാധ്യത ഒരു ടൈം ബോംബിനെപ്പോലെ ലോകത്തെ ചൂഴ്ന്ന് നില്‍ക്കും. സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുള്ള ഈ കമ്പനികള്‍ക്ക് തങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് സ്വന്തം നിലക്ക് നിരക്ക് നിശ്ചയിക്കാവുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നു.
ഈ ബില്ലിലടങ്ങിയ സാമ്പത്തിക ഇളവുകളുടെ സാധ്യതയും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഉദാരമായ വായ്പാ ഗ്യാരണ്ടികള്‍, നികുതി ഇളവുകള്‍, നേരിട്ടുള്ള സബ്സിഡികള്‍ എന്നിവ ലഭിച്ചേക്കും. എല്ലാം ഫോസില്‍ ഇന്ധന ഉപയോഗത്തിന് ബദലൊരുക്കുന്നുവെന്ന ന്യായത്തിലാകും നല്‍കുക. സത്യത്തില്‍ സംഭവിക്കുതെന്താണ്? പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളായ കാറ്റ്, സൗരോര്‍ജം തുടങ്ങിയവയിലേക്ക് തിരിച്ചുവിടേണ്ട പൊതുപണമാണ് ഇത്തരം ഇളവുകളിലൂടെ അത്യന്തം സങ്കീര്‍ണമായ ആണവ മേഖലയിലേക്ക് ഒഴുകുന്നത്.
ഈ നിയമനിര്‍മാണത്തിന്റെ ഏറ്റവും ഭീകരമായ വശം നിക്ഷേപകരെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്നുവെന്നത് തന്നെയാണ്. മറ്റേതൊരു വ്യവസായത്തിലും കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ അപകട സാധ്യതയും ഏറ്റെടുക്കുന്നു. ആണവ മേഖലയില്‍ ഒരു ദുരന്തമുണ്ടായാല്‍ എത്ര തുക നല്‍കണമെന്ന് നിക്ഷേപകന്‍ പരിധി ആവശ്യപ്പെടുന്ന സ്ഥിതിയാണ് ഈ ബില്ലുണ്ടാക്കുക. ആണവ പദ്ധതികള്‍ ഇന്‍ഷ്വര്‍ ചെയ്യാനാകാത്ത വിധം അപകട സാധ്യതയുള്ളതാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണിത്.



