Connect with us

National

ആംബുലന്‍സിന് പണമില്ല; 17 കാരിയുടെ മൃതദേഹവുമായി സൈക്കിള്‍ വണ്ടിയില്‍ പിതാവ്

ഒഡീഷയിലെ ബലിയാപാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡ്യൂല ഗ്രാമത്തിലാണ് സംഭവം നടന്നത്

Published

|

Last Updated

ബലാസോര്‍ | ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം സൈക്കിള്‍ വണ്ടിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്. ഒഡീഷയിലാണ് ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ വണ്ടിയില്‍ സഞ്ചരിച്ചത്.

ആംബുലന്‍സിന് നല്‍കാന്‍ വേണ്ട 1,200 രൂപ ഇല്ലാത്തതിനാലാണ് പിതാവ് മകളുടെ മൃതദേഹം വഹിക്കാന്‍ സൈക്കിള്‍ റിക്ഷയെ ആശ്രയിച്ചത്. ബലിയാപാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡ്യൂല ഗ്രാമത്തിലാണ് സംഭവം നടന്നത്. മധു ബിന്ധാനി എന്നയാളുടെ മകളായ ആശ ബിന്ധാനിയാണ് മരിച്ചത്. മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് അറിയിച്ചു. ഇതിനായി ബലിയാപാല്‍ സി എച്ച് സിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു.

1,200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവിന്റെ പക്കല്‍ ഈ പണം ഇല്ലായിരുന്നു. നാട്ടുകാരോടെല്ലാം സഹായം തേടിയെങ്കിലും പണം ലഭിച്ചില്ല. ഒടുവില്‍ പ്രദേശത്തെ സൈക്കിള്‍ വണ്ടിക്കാരന്‍ കനിഞ്ഞു. സൈക്കിള്‍ വണ്ടിയില്‍ മകളുടെ മൃതദേഹം സി എച്ച് സിയിലേക്ക് എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി അതേ വണ്ടിയില്‍ തന്നെ ഡ്യൂല ഗ്രാമത്തിലേക്ക് മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയി. മകളുടെ മൃതദേഹം സൈക്കിള്‍ വണ്ടിയില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.