Connect with us

Kerala

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വീഴ്ച ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കും; ആരോഗ്യ മന്ത്രി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Published

|

Last Updated

പാലക്കാട്| ചികിത്സാ പിഴവ് കാരണം ഒമ്പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ വീഴ്ച ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉള്‍പ്പടെ കത്ത് നല്‍കി. ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിഎംഒക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട്.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി(9)യുടെ വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. സെപ്തംബര്‍ 24ന്് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് വീണു പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ സെപ്തംബര്‍ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും. അഞ്ച് ദിവസത്തിനുശേഷം വന്നാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും മടക്കി അയച്ചു. ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടുമ്പോഴും ചികിത്സാ സൗകര്യം ഉറപ്പാക്കിയില്ലെന്ന് മാതാവ് പ്രസീദ പറഞ്ഞു. സ്ഥിതി ഗുരുതരമായതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

 

 

Latest