National
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് കാന്തപുരത്തിന്റെ ഇടപെടലില്‍; ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍
തുടര്‍ ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ യമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി | യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചത് മുസ്ലിം പണ്ഡിതനുള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് സുപ്രീം കോടതിയില്‍ നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ഈ വാദത്തെ തള്ളിയാണ് നിയമപോരാട്ടം നടത്തുന്ന കൗണ്‍സില്‍ കോടതിയില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഉന്നയിച്ചത്.
16ന് നിശ്ചയിച്ചിരുന്ന വധശിക്ഷ മുസ്ലിം പണ്ഡിതന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ രാഗേന്ദ് ബസന്ത്, കെ ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാറിനോട് നന്ദിയുണ്ടെന്നും തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യമനിലേക്ക് പോകാന്‍ അനുവദിക്കണമെന്നും രാഗേന്ദ് ബസന്ത് വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാന്‍ ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബഞ്ച് നിര്‍ദേശിച്ചു.
നിമിഷപ്രിയ സുരക്ഷിതമായി പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി പറഞ്ഞു. എല്ലാവരും ആഗ്രഹിക്കുന്നതിന് എതിരായി എന്തെങ്കിലും സംഭവിക്കണമെന്നില്ലെന്നും അവര്‍ പറഞ്ഞു. ആവശ്യങ്ങള്‍ നിവേദനമായി കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ അനുവദിക്കണമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ആഗസ്റ്റ് 14ന് പരിഗണിക്കാനായി കോടതി ഹരജി മാറ്റി.