Connect with us

Kozhikode

പുതിയ പദ്ധതി ഒരുങ്ങുന്നു; പ്രസവ മുറിയില്‍ ഭര്‍ത്താവും

പ്രസവ മുറിയിലേക്ക് ഒറ്റക്ക് പോകണമെന്ന് കരുതി ഇനി ടെന്‍ഷനടിക്കേണ്ട

Published

|

Last Updated

കോഴിക്കോട് | പ്രസവ മുറിയിലേക്ക് ഒറ്റക്ക് പോകണമെന്ന് കരുതി ഇനി ടെന്‍ഷനടിക്കേണ്ട, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ സമയത്ത് ഭര്‍ത്താവിന് കൂട്ടിരിക്കാനുള്ള പദ്ധതിക്ക് ഒരുക്കങ്ങള്‍ ദ്രുതഗതിയിലാണ്. പ്രസവ മുറി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ അറിയിച്ചു.

നിലവില്‍ പ്രസവ മുറിയില്‍ കര്‍ട്ടനുകള്‍ തൂക്കിയാണ് സ്വകാര്യത കാത്തുസൂക്ഷിക്കുന്നത്. മെഡി. കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സൗകര്യങ്ങള്‍ വിപുലപ്പെടും. ഇതോടെ ഓരോ പ്രസവവും പ്രത്യേകം റൂമുകളിലേക്ക് മാറ്റാനും ഭര്‍ത്താക്കന്‍മാരെ ഒപ്പം കൂട്ടാനും അനുവദിക്കാനാകുമെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു. നിലവില്‍ ശരാശരി 30-35 പ്രസവങ്ങളാണ് കോഴിക്കോട് മെഡി.കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ദിനേന നടക്കുന്നത്.

അതേസമയം, ബന്ധുക്കളായ സ്ത്രീകള്‍ക്ക് പ്രസവമുറിയില്‍ കൂട്ടിരിക്കാന്‍ അനുവദിക്കുന്ന പദ്ധതിക്ക് ആശുപത്രിയില്‍ ഇന്നലെ തുടക്കമായി. “പ്രസവ സഖി’ എന്ന പേരിലറിയപ്പെടുന്ന പദ്ധതിയില്‍ കൂട്ടിരിക്കുന്ന ബന്ധുവായ സ്ത്രീക്ക് പരിശീലനവും നല്‍കും. പരിശീലനത്തോട് കൂടിയ പ്രസവ സഖി പദ്ധതി സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ആദ്യമായി നടപ്പാക്കുന്നത്. ലേബര്‍ റൂമിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച മാന്യ മാതൃത്വം പദ്ധതിയുടെ ഭാഗമായാണിത്. പ്രസവസമയത്ത് നവജാത കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ കുറക്കുന്നതിനുള്ള അതിസൂക്ഷ്മ നിരീക്ഷണ സംവിധാനമായ ഇലക്‌ട്രോണിക് ലേബര്‍ കെയര്‍ പദ്ധതിയും നടപ്പാക്കും. നവജാത ശിശുക്കളില്‍ ഉണ്ടാകാനിടയുള്ള അപസ്മാര രോഗത്തെ വലിയ തോതില്‍ തടയാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പരിശീലനം മൂന്ന് തവണ
ലേബര്‍ റൂമില്‍ കൂട്ടിരിക്കുന്ന ബന്ധുവായ സ്ത്രീകള്‍ക്ക് മൂന്ന് തവണയായി പരിശീലനം നല്‍കും. ഇതിന് വേണ്ടി നാല് നഴ്‌സുമാരേയും ഒരു ഡയറ്റീഷ്യനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്്. ഇത്തരം സ്ത്രീകള്‍ക്ക് ആശുപത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ പരിചയപ്പെടുത്തുകയും അതുവഴി ബോധവത്കരണം നടത്തുകയും ചെയ്യും. ശേഷം അവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ കൂടി ദുരീകരിക്കുന്ന രൂപത്തിലായിരിക്കും മൂന്ന് ഘട്ടങ്ങളിലായുള്ള പരിശീലനം. മാതാവിന്റെയും കുഞ്ഞിന്റെയും ഭക്ഷണ രീതി, പരിപാലനം, ലേബര്‍ റൂമില്‍ ഏത് രൂപത്തില്‍ പരിചരിക്കണം എന്നീ കാര്യങ്ങളെല്ലാം പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടും.

ഐ എം സി എച്ചിന് യു ട്യൂബ് ചാനല്‍
ജനനി ഐ എം സി എച്ച് എന്ന പേരില്‍ മെഡി.കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് പുതിയ യു ട്യൂബ് ചാനല്‍ നിലവില്‍ വന്നു. ചാനലിന്റെ ലോഞ്ചിംഗ് മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിച്ചു.

ചാനലിന്റെ പേര് നിര്‍ദേശിച്ച കവി പി കെ ഗോപിയെ ചടങ്ങില്‍ അഭിനന്ദിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്തകള്‍, അറിയിപ്പുകള്‍, ആരോഗ്യബോധവത്കരണം എന്നീ കാര്യങ്ങള്‍ക്ക് ഈ ചാനല്‍ ഉപയോഗപ്പെടുത്താം.

Latest