Connect with us

siraj editorial

മ്യാന്മർ: യു എൻ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം

ജനാധിപത്യ പാർട്ടികൾ അവർക്ക് കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുമ്പോഴാണ് മ്യാന്മറിലേത് പോലുള്ള കുത്തഴിഞ്ഞ ഭരണ സംവിധാനങ്ങൾ രൂപപ്പെടുന്നത്. ആ നിലക്ക് മ്യാന്മറിലെ പട്ടാള അട്ടിമറിയും ജനാധിപത്യവിരുദ്ധ നടപടികളും ഇന്ത്യക്കും ഇവിടുത്തെ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾക്കും വലിയ പാഠമാകേണ്ടതാണ്

Published

|

Last Updated

ട്ടും ശുഭകരമായ വാർത്തകളല്ല പട്ടാളഭരണം പിടിമുറുക്കിയ മ്യാന്മറിൽ നിന്ന് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭാ പ്രതിനിധി പുറത്തുവിട്ട വിവരങ്ങൾ, മ്യാന്മർ അടുത്ത് തന്നെ നേരിടാനിരിക്കുന്ന രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് ശക്തമായ സൂചന നൽകുന്നുണ്ട്. മ്യാന്മറിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച ടോം ആൻഡ്രൂവാണ് അവിടെ വീണ്ടും അരങ്ങേറാനിരിക്കുന്ന, റോഹിംഗ്യകൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ജനാധിപത്യ വിരുദ്ധതയെ കുറിച്ചും അടുത്ത് തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ആഭ്യന്തര യുദ്ധത്തെ കുറിച്ചും ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പതിനായിരക്കണക്കിന് സൈനികർ മ്യാന്മറിന്റെ വടക്കൻ ഭാഗങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യാന്മറിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അധികാരത്തിൽ നിന്ന് മാറ്റി പട്ടാളം അട്ടിമറിയിലൂടെ ഭരണ സാരഥ്യത്തിലെത്തുന്നത്. അന്ന് മുതൽ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യത്വവിരുദ്ധ ഇടപെടലുകളെ സംബന്ധിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളും യു എൻ അടക്കമുള്ള ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം പട്ടാള അട്ടിമറിക്ക് ശേഷം മാത്രം 1100ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും എണ്ണായിരത്തോളം പൗരന്മാരെ പട്ടാള ഭരണകൂടത്തിന് അനിഷ്ടകരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന്റെ പേരിൽ പിടികൂടി തുറുങ്കിലടക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ക്രൂരമായ വംശഹത്യകളൊന്നിന്റെ ചരിത്രം പേറുന്ന രാജ്യമാണ് ഇപ്പോൾ മ്യാന്മർ. സുരക്ഷാ സൈന്യവും ബുദ്ധ ഭീകരരും ചേർന്ന് 2017 മുതൽ നടത്തിയ, വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭ പോലും വിശേഷിപ്പിച്ച റോഹിംഗ്യൻ വംശഹത്യയിൽ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പതിനായിരത്തിലധികം റോഹിംഗ്യൻ വംശജർ കൊല്ലപ്പെട്ടിരുന്നു. 2017ൽ ആരംഭിച്ച വംശഹത്യാ ശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഏഴ് ലക്ഷത്തിലധികം റോഹിംഗ്യനുകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഇപ്പോൾ മ്യാന്മറിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്ക് നേരെയും രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വംശീയ ന്യൂനപക്ഷങ്ങൾക്കൊന്നും സുരക്ഷിതമായ ഒരിടമല്ല നിലവിലെ മ്യാന്മർ എന്ന് തെളിയിക്കുന്നുണ്ട് ഇത്തരം സംഭവങ്ങളെല്ലാം.

ഐക്യരാഷ്ട്ര സഭാ പ്രതിനിധിയുടെ പുതിയ മുന്നറിയിപ്പുകൾ ലോകത്തിന്റെ കണ്ണുതുറപ്പിക്കാൻ ഇനിയെങ്കിലും കഴിയണം. മാസങ്ങളോളം നീണ്ടുനിന്നേക്കാവുന്ന പുതിയ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് പട്ടാള ഭരണകൂടം അവിടുത്തെ ജനങ്ങളെ നയിക്കുന്നതെന്നും 30 ലക്ഷത്തോളം മ്യാന്മർ പൗരന്മാരാണ് മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സംഘർഷങ്ങളും ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും കൊവിഡും അവിടുത്തെ ജനങ്ങളെ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുന്നതെന്നും ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഐക്യരാഷ്ട്ര സഭ മ്യാന്മറിൽ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നടപടികളിൽ നിന്ന് മ്യാന്മറിനെ പിന്തിരിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മ്യാന്മറിൽ സമാധാനമെത്തിക്കാൻ ആവശ്യമായ നടപടികളെ കുറിച്ച് ലോകസമൂഹം അടിയന്തരമായി ആലോചിക്കേണ്ട സമയമെത്തിയിരിക്കുന്നു.

നിരന്തരമായ ആശയസംവാദങ്ങളിലൂടെ മ്യാന്മർ പട്ടാള ഭരണകൂടത്തെ ജനാധിപത്യ പാതയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അതിന് മുന്നോടിയായി അനിവാര്യമായും മ്യാന്മറിലെ വിവിധ രാഷ്ട്രീയ പാർട്ടികളെയും വിവിധ ന്യൂനപക്ഷ സമുദായങ്ങളുടെ നേതൃത്വത്തെയും ഒന്നിച്ചിരുത്തി ചർച്ച നടക്കണം. മ്യാന്മറിനുള്ളിൽ വെച്ച് നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമാണെങ്കിലും മ്യാന്മറിന് പുറത്ത് വെച്ച് ഇത്തരമൊരു ചർച്ച സാധ്യമാകുകയാണെങ്കിൽ വലിയ ഗുണം ചെയ്യുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. അതിന് ആസിയാൻ കൂട്ടായ്മയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ സമ്പൂർണമായ സഹകരണവും സന്നദ്ധതയും ആവശ്യമാണ്. (ആസിയാൻ രാജ്യങ്ങളിൽ ഉൾപ്പെട്ട ചില രാജ്യങ്ങൾ മ്യാന്മറിലെ പട്ടാള അട്ടിമറിയെ പിന്തുണക്കുന്നവരാണ്). അതുപോലെ ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര ഏജൻസികളും മീഡിയേറ്റർമാരായി രംഗത്തുണ്ടാകുകയും വേണം. നിരന്തരം സംഘർഷങ്ങളിലേർപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചെറിയ തോതിലെങ്കിലും മഞ്ഞുരുക്കത്തിന് ഇത് കാരണമാകും. അതോടൊപ്പം പരോക്ഷമായെങ്കിലും മ്യാന്മർ പട്ടാള ഭരണകൂടത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾ അതിൽ നിന്ന് പിന്മാറണം. അവർക്ക് ആയുധങ്ങളും മറ്റ് സാമ്പത്തിക സഹായങ്ങളും നൽകുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആഗോള സമൂഹത്തിന്റെ ശക്തമായ സമ്മർദവും ഉണ്ടാകണം. നിലവിൽ ചൈന മ്യാന്മറിലെ പട്ടാള ഭരണകൂടവുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുകയും അവർക്ക് ഇപ്പോഴും ആയുധങ്ങളും മറ്റു സഹായങ്ങളും നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

ചൈന ലക്ഷ്യം വെക്കുന്നത് മ്യാന്മറിലെ വലിയ നിക്ഷേപങ്ങളിലും സാമ്പത്തിക നേട്ടങ്ങളിലുമാണ്. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മ്യാന്മറിനെതിരെ കാര്യമായ ചലനങ്ങളൊന്നും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വീറ്റോ പവർ ഉപയോഗപ്പെടുത്തി അത്തരം ശ്രമങ്ങളെയെല്ലാം ചൈന നിരുത്സാഹപ്പെടുത്തിയതാണ് ഇതുവരെയുള്ള ചരിത്രം.

അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും അവരെ പിന്തിരിപ്പിക്കാൻ പോന്നതല്ലയെന്നതാണ് യാഥാർഥ്യം. ഈ യാഥാർഥ്യങ്ങളെയെല്ലാം ഉൾക്കൊണ്ട് വേണം അന്താരാഷ്ട്ര സമൂഹം മ്യാന്മറിൽ ഇപ്പോൾ അനിവാര്യമായിരിക്കുന്ന പരിഹാര വഴികളിലേക്ക് നീങ്ങാൻ.

എന്തായാലും, ജനാധിപത്യ പാർട്ടികൾ അവർക്ക് കിട്ടുന്ന അമൂല്യമായ അവസരങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുമ്പോഴാണ് മ്യാന്മറിലേത് പോലുള്ള കുത്തഴിഞ്ഞ ഭരണ സംവിധാനങ്ങൾ രൂപപ്പെടുന്നത്. ആ നിലക്ക് മ്യാന്മറിലെ പട്ടാള അട്ടിമറിയും ജനാധിപത്യ വിരുദ്ധ നടപടികളും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കും ഇവിടുത്തെ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾക്കും വലിയ പാഠമാകേണ്ടതാണ്.

Latest