Connect with us

From the print

മുസ്‌ലിം ലീഗ് ഭവന പദ്ധതി: പ്രതിസന്ധി മറികടക്കാന്‍ ദുരന്ത ബാധിതര്‍ക്ക് ഭൂമി പതിച്ചുനല്‍കി

105 ഭവനങ്ങളാണ് ലീഗ് ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കുന്നത്.

Published

|

Last Updated

കല്‍പ്പറ്റ | മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി വാങ്ങിയ തോട്ടഭൂമിയില്‍ മുസ്‌ലിം ലീഗ് നിര്‍മാണ പ്രവൃത്തി തുടങ്ങിയത് ദുരന്തബാധിതരുടെ പേരില്‍ ഭൂമി പതിച്ചുനല്‍കിയ ശേഷം. തോട്ടഭൂമി വിവാദത്തില്‍പ്പെട്ട് പ്രവൃത്തി പ്രതിസന്ധിയിലായത് മറികടക്കുന്നതിനായാണ് തുടക്കത്തില്‍ തന്നെ ഭൂമി പതിച്ചുനല്‍കിയത്. 105 ഭവനങ്ങളാണ് ലീഗ് ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കുന്നത്.

ഇതില്‍ സര്‍ക്കാര്‍ ലിസ്റ്റിലുള്ള 85 പേരാണുള്ളത്. ആദ്യഘട്ടത്തില്‍ നിര്‍മാണം നടക്കുന്നത് സര്‍ക്കാര്‍ ലിസ്റ്റിലുള്ളവര്‍ക്കാണ്. ഇവരുടെ പേരിലാണ് എട്ട് സെന്റ് വീതം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. രഹസ്യമായി രജിസ്‌ട്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിച്ച ശേഷമാണ് പ്രവൃത്തിയിലേക്ക് കടന്നിരിക്കുന്നത്.

പത്ത് സെന്റില്‍ താഴെയുള്ള തോട്ടഭൂമികളില്‍ വീട് വെക്കുന്നതിന് നിലവില്‍ നിയമ തടസ്സങ്ങളില്ല. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് നിര്‍മാണാനുമതി നല്‍കുകയാണ് പതിവ്. പട്ടയം ലഭിക്കുന്നതിന് ചെറിയ കാലതാമസം വരുമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഇടപെടലുണ്ടായാല്‍ കര്യങ്ങള്‍ എളുപ്പമാകും. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് ലീഗ് ഭൂമി ദുരന്തബാധിതരുടെ പേരില്‍ പതിച്ചുനല്‍കിയത്. ഇത്തരത്തില്‍ നീക്കം നടത്തുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള പിന്തുണയും ലീഗിന് ലഭിച്ചതായാണ് വിവരം.

ഭൂമി തോട്ടഭൂമിയാണെന്ന് ലാന്‍ഡ് ബോര്‍ഡ് നേരത്തേ സ്ഥിരീകരിച്ചതോടെയാണ് ഭവന പദ്ധതി പ്രതിസന്ധിയിലായത്. തോട്ടഭൂമിയാണെന്ന് ഭൂമി വിറ്റവര്‍ തന്നെ ലാന്‍ഡ് ബോര്‍ഡിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് മറികടക്കാന്‍ പല നീക്കങ്ങളും ലീഗ് നേതൃത്വവും പാര്‍ട്ടി ചുമതലപ്പെടുത്തിയ ഉപസമിതിയും നടത്തിയിരുന്നു. എന്നാല്‍, ഇതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തുടര്‍ന്ന് ലീഗ് ഉപസമിതി നേതാക്കള്‍ റവന്യൂമന്ത്രി കെ രാജനെ സന്ദര്‍ശിച്ച് സഹായം ആവശ്യപ്പെട്ടതായാണ് വിവരം.

ജുഡീഷ്യല്‍ അധികാരമുള്ള ലാന്‍ഡ് ബോര്‍ഡ് തീരുമാനത്തില്‍ സര്‍ക്കാറിന് ഇടപെടുന്നതിലുള്ള പരിമിധി റവന്യൂ മന്ത്രി ലീഗ് നേതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് എട്ട് സെന്റ് വീതം പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പതിച്ചുനല്‍കിയ ശേഷം മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ച് നിര്‍മാണ പ്രവൃത്തിക്ക് അനുമതി തേടി. എന്നാല്‍, വിവാദ ഭൂമിയായതിനാല്‍ അനുമതി നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല.

തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തദ്ദേശ മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇതിന് ശേഷമാണ് പഞ്ചായത്ത് സെക്രട്ടറി നിര്‍മാണാനുമതി നല്‍കിയതെന്ന് ഒരു പ്രമുഖ നേതാവ് സിറാജിനോട് പ്രതികരിച്ചു.

എന്നാല്‍, തോട്ടഭൂമി വലിയ വിലകൊടുത്ത് വാങ്ങിയതിലും ഭൂമിയുടെ രേഖകള്‍ വേണ്ടത്ര പരിശോധിക്കാത്തതിലും ഉപസമിതിയില്‍പ്പെട്ട പ്രാദേശിക നേതാക്കളോട് ലീഗ് സംസ്ഥാന നേതൃത്വത്തിന് അമര്‍ശം നിലനില്‍ക്കുന്നുണ്ട്. പുനരധിവാസ പദ്ധതിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലീഗിന്റെ ഇടപെടലുകളെ സംശയത്തിനിടയാക്കുന്ന തരത്തിലുള്ള നടപടി ജില്ലയിലെ ചില നേതാക്കളില്‍ നിന്നുണ്ടായതായാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കൂടാതെ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി കച്ചവടം അടക്കമുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നിലും ചില പ്രാദേശിക നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

Latest