Kerala
തൃക്കുന്നപ്പുഴ സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ചു: രോഗം വ്യാപിക്കാതിരിക്കാന്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കളക്ടര്‍
ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്താണ് സെപ്തംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്‌കൂളിന് അവധി അനുവദിച്ച് കളക്ടര്‍ ഉത്തരവിട്ടത്.

ആലപ്പുഴ|ആലപ്പുഴ തൃക്കുന്നപ്പുഴ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്താണ് സെപ്തംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്‌കൂളിന് അവധി അനുവദിച്ച് കളക്ടര്‍ ഉത്തരവിട്ടത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മുണ്ടിനീര്, മുണ്ടിവീക്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മംപ്സ് പാരാമിക്സോവൈറസ് എന്ന രോഗാണു വഴിയാണ് ഇത് ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ ശ്വാസനാളത്തില്‍ നിന്നുള്ള സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പടരുന്നു. എംഎംആര്‍ വാക്‌സിന്‍ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും പ്രധാനമാണ്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഉമിനീര്‍ ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഉമിനീര്‍ ഗ്രന്ഥികളുടെ വീക്കം വേദനയുണ്ടാക്കുന്നതിനാല്‍ വായ തുറക്കുന്നതിനും ഭക്ഷണം ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. നേരിയ പനി, തലവേദന, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ചെറിയ കുട്ടികളിലാണ് സാധാരണയായി മുണ്ടിനീര് കാണപ്പെടുന്നതെങ്കിലും കൗമാരക്കാരും മുതിര്‍ന്നവരും അണുബാധയ്ക്ക് ഇരയാകാറുണ്ട്. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.