Uae
നട്ടെല്ലിലെ പേശീശോഷണം; പുതിയ ജീൻ തെറാപ്പിക്ക് യു എ ഇ അംഗീകാരം നൽകി
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ശേഷം ഈ മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് യു എ ഇ.
അബൂദബി| നട്ടെല്ലിലെ പേശീശോഷണ (സ്പൈനൽ മുസ്‌ക്യൂലർ അട്രോഫി) ചികിത്സയ്ക്കുള്ള “ഇറ്റ്വിസ്മ’ എന്ന ജീൻ തെറാപ്പിക്ക് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്(ഇ ഡി ഇ) അംഗീകാരം നൽകി. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ ചികിത്സ ലഭ്യമാകും. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ശേഷം ഈ മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് യു എ ഇ.
രോഗത്തിന് കാരണമാകുന്ന ജീനിന് പകരം പുതിയ ജീൻ നൽകിയാണ് ചികിത്സ. ഇത് രോഗികളുടെ ചലനശേഷി മെച്ചപ്പെടുത്താനും ദീർഘകാല ചികിത്സയെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും. ഒറ്റത്തവണ നൽകുന്നതിലൂടെ ദീർഘകാല ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നൂതന ചികിത്സാ രീതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ മേഖലയിലെ യു എ ഇയുടെ കുതിപ്പാണ് ഇത് വ്യക്തമാക്കുന്നത്.
ക്ലിനിക്കൽ പഠനങ്ങളിൽ രോഗികളുടെ ചലനശേഷിയിൽ വ്യക്തമായ പുരോഗതിയും സുരക്ഷയും കണ്ടെത്തിയതിനെത്തുടർന്നാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് ഇ ഡി ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു.



