Connect with us

National

വീണ്ടും ദുരഭിമാനക്കൊല; ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും വെട്ടിക്കൊന്നു

സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ബെംഗളൂരു  | ദലിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബളി സ്വദേശിനി മന്യ പാട്ടീല്‍ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തില്‍ ഇന്നലെയായിരുന്നു ക്രൂരത അരങ്ങേറിയത്.

ഗ്രാമത്തിലെ ലിംഗായത്തു സമുദായത്തില്‍പെട്ട മന്യയും ദലിത് വിഭാഗത്തില്‍പ്പെട്ട വിവേകാനന്ദയും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ബിരുദ പഠനത്തിനിടെയാണ് ഇരുവരും അടുത്തത്. മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. തുടര്‍ന്ന് ഇരുവരും ഹാവേരിയിലേക്കു താമസം മാറി. മന്യ ഗര്‍ഭിണിയായതിനെ തുടര്‍ന്നു കഴിഞ്ഞ ഒന്‍പതിനാണു ഗ്രാമത്തിലേക്ക് ഇവര്‍ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ മന്യയുടെ വീട്ടുകാര്‍ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് മന്യയുടെ അച്ഛന്‍ പ്രകാശ് ഗൗഡ പാട്ടീലും സഹോദരന്‍ അരുണ്‍ , ബന്ധു എന്നിവരടങ്ങിയ സംഘം ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ വിവേകാനന്ദയുടെ അച്ഛന്‍,അമ്മ, ബന്ധു അടക്കം വീട്ടിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ മന്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാലുമാസം ഗര്‍ഭിണിയായിരുന്നു മന്യ. സംഭവത്തില്‍ മന്യയുടെ അച്ഛന്‍ പ്രകാശ്, സഹോദരന്‍ അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബളി റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിവേകാനന്ദയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്

 

---- facebook comment plugin here -----

Latest