Kerala
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും കോടതി നോട്ടീസയച്ചു
യദു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസയച്ചു. ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 21-ാം തീയതി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ്. നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യയുടെ സഹോദരനെതിരെ പെറ്റി കേസ് ചുമത്തുകയും ആര്യയേയും സച്ചിന്‍ ദേവിനേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനെതിരെ യദു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. മേയര്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.
2024 ഏപ്രില്‍ 27ന് പാളയം സാഫല്യം കോംപ്ലക്‌സില്‍ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ കാര്‍ കെഎസ്ആര്‍ടിസി ബസിനെ കുറുകെയിട്ട് തടയുകയായിരുന്നു. തുടര്‍ന്ന് യദു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.
പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് ആര്യയ്ക്കും സച്ചിന്‍ ദേവിനുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം കേസിലെ പ്രധാന തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനായിട്ടില്ല
കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടർ സുബിൻ ആണെന്ന് യദു തന്റെ പുതിയ ഹർജിയിൽ ആരോപിക്കുന്നു



