Kerala
ജോസ് ചെല്ലപ്പന് ഉപാധ്യക്ഷ സ്ഥാനം; അലപ്പുഴ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്
തന്റെ ഉപാധികളും നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ യുഡിഎഫ് തയാറായതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് ജോസ് ചെല്ലപ്പന്‍
ആലപ്പുഴ | സ്വതന്ത്രനെ കൂട്ടുപിടിച്ച് ആലപ്പുഴ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജോസ് ചെല്ലപ്പന്‍ ഉപാധികളോടെ പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ആലപ്പുഴയില്‍ നഗരസഭാ ഭരണം യുഡിഎഫ് കൈകളിലേക്കെത്തുന്നത്. ഈ മാസം 26ന് നടക്കുന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജോസ് ചെല്ലപ്പന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ഇതിന് പകരം നഗരസഭാ ഉപാധ്യക്ഷസ്ഥാനം ജോസ് ചെല്ലപ്പന് നല്‍കാനും തീരുമാനമായി.എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയുടെ എംപിയുമായ കെ സി വേണുഗോപാലുമായും, ആലപ്പുഴയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജോസ് ചെല്ലപ്പന്‍ യുഡിഎഫിന് പിന്തുണ ഉറപ്പുനല്‍കിയത്.
തന്റെ ഉപാധികളും നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ യുഡിഎഫ് തയാറായതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് ജോസ് ചെല്ലപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍സ്ഥിരം സമിതി അധ്യക്ഷയായ ഷോളി സിദ്ധകുമാര്‍, മുന്‍ നഗരസഭാധ്യക്ഷ മോളി ജേക്കബ്, മുന്‍ ഉപാധ്യക്ഷയായ സി ജ്യോതിമോള്‍ എന്നിവരാണ് യുഡിഎഫിന്റെ പരിഗണനയിലുള്ളത്.ആലപ്പുഴ നഗരസഭയിലെ 53 വാര്‍ഡുകളില്‍ 23 സീറ്റും യുഡിഎഫാണ് നേടിയത്. 22 സീറ്റില്‍ എല്‍ഡിഎഫും അഞ്ച് സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു. പിഡിപിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതവും നേടി. 52 –ാം വാര്‍ഡായ മംഗലത്ത് നിന്നാണ് ജോസ് ചെല്ലപ്പന്‍ വിജയിച്ചത്.ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് മുന്നിട്ട് നിന്നത്. എന്നാല്‍ കേവലഭൂരിപക്ഷത്തിലെത്താന്‍ കഴിയാതിരുന്ന യുഡിഎഫിന് ഭരണം കിട്ടണമെങ്കില്‍ സ്വതന്ത്രന്റെയോ പിഡിപിയുടെയോ എസ്ഡിപിഐയുടെയോ പിന്തുണ ആവശ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ആലപ്പുഴയില്‍ അനിശ്ചിതത്വം ഉണ്ടായത്.


