Kerala
മാതാവിന് സംരക്ഷണ തുക നല്‍കിയില്ല; മകനെ ജയിലിലടച്ചു
കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക അടയ്ക്കുന്നതുവരെ തടവിലിടാനാണ് ഉത്തരവ്.

കാസര്‍കോട് | മാതാവിന് സംരക്ഷണ തുക നല്‍കണമെന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വിധി ലംഘിച്ച മകനെ ജയിലിലടച്ചു. കാസര്‍കോട് മലപ്പച്ചേരി വടുതലക്കുഴിയിലെ പ്രതീഷി(32)നെയാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ അടച്ചത്. കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക അടയ്ക്കുന്നതുവരെ തടവിലിടാനാണ് ഉത്തരവ്.
പ്രതീഷിന്റെ മാതാവ് കാഞ്ഞിരപ്പൊയില്‍ ചോറുകോട്ടെ ഏലിയാമ്മ ജോസഫിന് പ്രതീഷ് പ്രതിമാസം 2000രൂപ സംരക്ഷണതുകയായി നല്‍കണമെന്ന് കാഞ്ഞങ്ങാട് മെയിന്റനസ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഏലിയാമ്മ 2025ഏപ്രില്‍ 24ന് ട്രൈബ്യൂണലില്‍ ഹരജി നല്‍കുകയായിരുന്നു.10ദിവസത്തിനകം തുക നല്‍കാന്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന പ്രതീഷിന് നോട്ടീസ് നല്‍കിയെങ്കിലും പണം നല്‍കിയില്ല. ജൂലൈ 31നകം ഒരു ഗഡു നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഏലിയാമ്മയ്ക്ക് തുക കിട്ടിയില്ല. ചൊവ്വാഴ്ച കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ പ്രതീഷിനെ ആറ് മാസത്തെ കുടിശ്ശികയായ 12000രൂപ നല്‍കുന്നതുവരെ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണനിയമം 2007 വകുപ്പ് 5(8),ബി എന്‍ എസ് എസ് 144എന്നീ നിയമപ്രകാരമാണ് പ്രതീഷിനെ ജയിലിലടച്ചത്.