Uae
യു എ ഇ സഹായത്തോടെ മൊസൂൾ വീണ്ടും നിവർന്നു നിന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള അൽ നൂരി പള്ളിയിൽ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങിലാണ് പൂർത്തീകരണം പ്രഖ്യാപിച്ചത്.

ദുബൈ|ഇറാഖിൽ ഐസിസ് തകർത്ത ചരിത്ര പ്രസിദ്ധമായ മൊസൂൾ നഗരത്തിന്റെ പുനഃ നിർമാണം യു എ ഇ സഹായത്തോടെ ഇറാഖ് ഏതാണ്ട് പൂർത്തിയാക്കി. ചരിത്ര സ്മാരകങ്ങൾ പുനഃസ്ഥാപിക്കുകയും നാശത്തിന്റെ അവസാന അവശിഷ്ടങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. 2,500 വർഷം പഴക്കമുള്ളതാണ് ഇറാഖി നഗരം. ഏഴ് വർഷത്തെ പദ്ധതിയിൽ അൽ നൂരി പള്ളിയുടെയും അതിന്റെ ചരിഞ്ഞ മിനാരത്തിന്റെയും പുനർനിർമാണം, ഔർ ലേഡി ഓഫ് ദി അവർ കോൺവെന്റ് നവീകരണം, അൽ താഹിറാ ചർച്ചിന്റെ പുന സ്ഥാപനം എന്നിവ ഉൾപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള അൽ നൂരി പള്ളിയിൽ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങിലാണ് പൂർത്തീകരണം പ്രഖ്യാപിച്ചത്. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനി, യു എ ഇ സാംസ്‌കാരിക മന്ത്രി ശൈഖ് സാലം ബിൻ ഖാലിദ് അൽ ഖാസിമി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി നൂറ അൽ കഅബി, യുനെസ്‌കോ പ്രതിനിധികൾ, യു എൻ പ്രത്യേക ദൂതൻ മുഹമ്മദ് അൽ ഹസ്സൻ എന്നിവർ പങ്കെടുത്തു. ആരാധകർക്കായി മഗ്്രിബിന് വീണ്ടും വാതിലുകൾ തുറന്നു.
യു എ ഇ സാംസ്‌കാരിക മന്ത്രാലയം 50.4 ദശ ലക്ഷം ഡോളർ യുനെസ്‌കോക്ക് ധനസഹായം നൽകി. പദ്ധതിക്കായി 11.5 കോടി ഡോളറാണ് സമാഹരിച്ചത്. “എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. സഹവർത്തിത്വവും സാഹോദര്യവും വർഷങ്ങളിലുടനീളം നിലനിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ആ സ്ഥലങ്ങൾ ഞങ്ങൾ നോക്കുകയും ഞങ്ങൾക്ക് മറ്റെന്താണ് സംഭാവന ചെയ്യാൻ കഴിയുകയെന്ന് കാണുകയും ചെയ്യുന്നു’ ശൈഖ് സാലം പറഞ്ഞു. “മൊസൂളിന്റെ ഹൃദയം വീണ്ടും മിടിക്കുന്നു’ അൽ കഅബി സന്തോഷം പ്രകടിപ്പിച്ചു. “ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. പൈതൃക പുനരുജ്ജീവിപ്പിക്കൽ ആത്മവിശ്വാസം വീണ്ടെടുക്കാനാണ്. 2014 ജൂണിൽ മൊസൂൾ ഐസിസ് പിടിച്ചെടുത്തപ്പോൾ ലോകം നടുങ്ങി.
ആ വർഷം ജൂലൈയിൽ ഐസിസിന്റെ നേതാവ് അബൂബക്കർ അൽ ബാഗ്ദാദി ഒരു “ഖിലാഫത്ത്’ പ്രഖ്യാപിച്ചത് അതേ പള്ളിയിൽ നിന്നാണ്. തന്റെ ആദ്യ പ്രസംഗം നടത്താൻ പടികൾ കയറുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇറാഖികളുടെയും ലോകത്തിന്റെയും കൂട്ടായ ഓർമയിൽ പതിഞ്ഞിരിക്കുന്നു. ഐസിസ് നശിപ്പിക്കുന്നതിന് ഏകദേശം 850 വർഷമായി മൊസൂളിന്റെ പഴയ നഗരത്തിന് മുകളിൽ നിലനിന്നിരുന്ന ചരിഞ്ഞ മിനാരം, ചരിത്രത്തിന്റെ കാവൽക്കാരനായി വീണ്ടും ഉയർന്നു. ഏതാനും മീറ്റർ അകലെ, ഔർ ലേഡി ഓഫ് ദി അവർ കോൺവെന്റിന്റെയും അൽ താഹിറ പള്ളികളുടെയും മണികൾ വീണ്ടും മുഴങ്ങി. 2018 ഏപ്രിലിൽ, ഇറാഖി സൈന്യം മൊസൂൾ തിരിച്ചുപിടിച്ചു. നൂറ്റാണ്ടുകളായി, മൊസൂൾ പ്രദേശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഇടയിലുള്ള ഒരു പാലമായിരുന്നു.