Prathivaram
പണാധിപതി
ഇന്ത്യന്‍ നാണയങ്ങളായിരുന്ന അണ, കാശ്, ഓട്ടമുക്കാല്‍, ബ്രിട്ടീഷ് നാണയം, വിക്‌റ്റോറിയ നാണയം, കല്ല് നാണയം, വെള്ളി നാണയം, 1874ല്‍ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ ഉപയോഗിച്ച കറന്‍സി, ഇന്ത്യയില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ 40 തരം രണ്ട് രൂപ നോട്ടുകള്‍, ഇന്ത്യന്‍ നേതാക്കളെ ആലേഖനം ചെയ്ത നോട്ടുകളും നാണയങ്ങളും, വിവിധ രാജ്യങ്ങളിലെ ഫാന്‍സി നമ്പര്‍ കറന്‍സികള്‍ തുടങ്ങിയവയെല്ലാം ഹാഷിറിന്റെ ശേഖരത്തിലുണ്ട്.

ലോകത്തുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളുടെയും കറന്‍സികളും നാണയങ്ങളും കാണണമെങ്കില്‍ കോഴിക്കോട് ജില്ലയിലെ വാണിമേല്‍ വരെ ഒന്ന് പോയാല്‍ മതി. മൂന്നൂറോളം രാജ്യങ്ങളുടെ അയ്യായിരത്തിലേറെ കറന്‍സികളും നാണയങ്ങളും പ്രവാസിയായ വാണിമേല്‍ ചേലമുക്ക് നീളംപറമ്പത്ത് ഹാഷിറിന്റെ കൈവശമുണ്ട്. 40 രാജ്യങ്ങളിലെ ഭൂരിഭാഗം കറന്‍സികളും സമാഹരിച്ച് ആല്‍ബമാക്കി നിധി പോലെ സൂക്ഷിച്ചുവെച്ച ഹാഷിറിന്റെ പക്കല്‍ 65 കിലോ ഗ്രാമിലേറെ നാണയങ്ങളുമുണ്ട്.
വാണിമേല്‍ എം യു പി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൗതുകത്തിന് വേണ്ടി കറന്‍സി ശേഖരണം തുടങ്ങിയ ഹാഷിര്‍, ഷാര്‍ജയിലെ കഫ്ത്തീരിയയിലെ ജോലിത്തിരക്കിനിടയില്‍ 33ാം വയസ്സിലും തന്റെ പ്രധാന വിനോദത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയായ കുവൈത്തിലെ ദിനാര്‍ മുതല്‍ ഏറ്റവും മൂല്യം കുറഞ്ഞ വെനസ്വേലയിലെ കറന്‍സി വരെ ഹാഷിറിന്റെ ശേഖരണത്തിലുണ്ട്. ഒരു ദിനാറിന് ഏകദേശം ഇന്ത്യയുടെ 200 രൂപയുടെ മൂല്യമുള്ളപ്പോള്‍ വെനസ്വേലയുടെ ഒരു ലക്ഷം കറന്‍സിക്ക് ഇന്ത്യയുടെ ഒരു രൂപയുടെ മൂല്യം മാത്രമേയുള്ളൂവെന്ന് ഹാഷിര്‍ പറയുന്നു.
അമ്മാവന്‍ നല്‍കിയ നാണയങ്ങളുമായി തുടക്കം
പ്രവാസിയായ അമ്മാവന്‍ നരിക്കാട്ടേരി ചെട്ട്യാംവീട്ടില്‍ ഹമീദ് നല്‍കിയ പത്ത് ഗള്‍ഫ് നാണയങ്ങളുമായാണ് ഹാഷിര്‍ ഈ രംഗത്തേക്ക് ചുവടുവെച്ചത്. ആറാം ക്ലാസ്സ് പഠന സമയത്ത് സ്‌കൂളില്‍ നടന്ന നാണയ പ്രദര്‍ശനത്തിലേക്കായിരുന്നു ഹാഷിര്‍ ഇവ ശേഖരിച്ചത്. പിന്നെ ജീവിതചര്യ പോലെ വ്യത്യസ്ത രാഷ്ട്രങ്ങളുടെ നാണയങ്ങളും കറന്‍സികളും സ്വന്തമാക്കാന്‍ തുടങ്ങി. പേര് മാറിയ പഴയ രാജ്യങ്ങള്‍, ലയനത്തോടെ ഇല്ലാതായ രാജ്യങ്ങള്‍ തുടങ്ങി ചരിത്രത്തില്‍ ഇടം പിടിച്ച നാണയങ്ങളും കറന്‍സികളുമെല്ലാം നിലവില്‍ ഹാഷിറിന്റെ പക്കലുണ്ട്.
ഇന്ത്യന്‍ നാണയങ്ങളായിരുന്ന അണ, കാശ്, ഓട്ടമുക്കാല്‍, ബ്രിട്ടീഷ് നാണയം, വിക്‌റ്റോറിയ നാണയം, കല്ല് നാണയം, വെള്ളി നാണയം, 1874ല്‍ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ ഉപയോഗിച്ച കറന്‍സി, ഇന്ത്യയില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ 40 തരം രണ്ട് രൂപ നോട്ടുകള്‍, ഇന്ത്യന്‍ നേതാക്കളെ ആലേഖനം ചെയ്ത നോട്ടുകളും നാണയങ്ങളും, വിവിധ രാജ്യങ്ങളിലെ ഫാന്‍സി നമ്പര്‍ കറന്‍സികള്‍, ഇന്ത്യയില്‍ നിരോധിച്ച നോട്ടുകള്‍ എന്നിവയെല്ലാം ശേഖരത്തിലുണ്ട്. നിര്‍മാണത്തില്‍ അപാകത സംഭവിച്ച ഇന്ത്യയുടെ ഒരു രൂപ കോയിന്‍, 786ല്‍ അവസാനിക്കുന്ന നമ്പറുള്ള ഇന്ത്യന്‍ കറന്‍സികള്‍ തുടങ്ങി ഇന്ത്യയില്‍ ഇറങ്ങിയ വൈവിധ്യമാര്‍ന്ന മിക്ക കറന്‍സികളും നാണയങ്ങളും ശേഖരിച്ച് കഴിഞ്ഞു. ഒപ്പം യു എ ഇ ഇറക്കിയ കറന്‍സി സീരീസുകളും ഹാഷിറിന്റെ ശേഖരത്തിലുണ്ട്.
അള്‍ട്രാ മറീന മുതല്‍ പൊളിമര്‍ നോട്ടുകള്‍ വരെ
ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ചിത്രം ആലേഖനം ചെയ്ത കറന്‍സികള്‍, പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ച അള്‍ട്രാ മറീന കറന്‍സി, ഖത്വര്‍ വേള്‍ഡ് കപ്പിന് വിവിധ രാജ്യങ്ങള്‍ ഇറക്കിയ കറന്‍സികള്‍, കൊറിയ, സയര്‍ എന്നീ രാജ്യങ്ങളിലെ അണ്‍ കട്ട് നോട്ടുകള്‍, യു എ ഇ ഇറക്കിയ പൊളിമര്‍ നോട്ടുകള്‍, പാക്കിസ്ഥാനും ബംഗ്ലാദേശും ഒന്നായ കാലത്തെ കറന്‍സി, യു എ ഇയും ഖത്വറും വേര്‍പിരിയുന്നതിന് മുമ്പുള്ള കാലത്തെ കറന്‍സി, യു എ ഇയില്‍ ഒരു കാലത്ത് ഇന്ത്യന്‍ നോട്ട് വിനിമയത്തിന് ഉപയോഗിച്ച രണ്ട് രൂപ കറന്‍സി തുടങ്ങി വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഹാഷിറിന്റെ പണാധിപത്യം.
റോളയിലെ സഞ്ചാരികളുടെ സംഭാവന
പത്താം ക്ലാസ് ജയിച്ച ശേഷം കോഴിക്കോട് ടൗണിലെ ഒരു കടയില്‍ ജോലിക്കാരനായി. പിന്നീട് 2007ല്‍ പ്രവാസ ലോകത്തെത്തിയതോടെ നാണയങ്ങളുടെയും കറന്‍സികളുടെയും ശേഖരണം എളുപ്പമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വന്നുപോകുന്നതിനാല്‍ ഷാര്‍ജയിലെ ജോലിത്തിരക്കിനിടയിലും വിദേശികളുമായി ബന്ധപ്പെട്ടാണ് ഇവ സംഘടിപ്പിക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ ഷാര്‍ജയിലെ റോളയിലെത്തുന്ന സഞ്ചാരികളെ ഹാഷിര്‍ സ്നേഹപൂര്‍വം സ്വീകരിക്കും. പിന്നീട് നാണയ ശേഖരത്തെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കും.
ഹാഷിറിന്റെ കഥ കേട്ട ആരും സ്വന്തം രാഷ്ട്രത്തെ കൈവശമുള്ള കറന്‍സികളും നാണയങ്ങളും ഇതുവരെ നല്‍കാതിരുന്നിട്ടില്ല. മൂല്യമേറിയ കറന്‍സികളാണെങ്കില്‍ അതിന്റെ മൂല്യത്തിനനുസരിച്ചുള്ള പണം തിരികെ നല്‍കും. കഴിഞ്ഞ 15 വര്‍ഷമായി ഹാഷിര്‍ റോളയിലെ സഞ്ചാരികളെ ചുറ്റിപ്പറ്റിയുണ്ട്. നാട്ടിലെത്തിയാല്‍ പഴയ കറന്‍സികള്‍ കൈവശമുള്ളവരെ കണ്ടെത്തി സന്ദര്‍ശിച്ച് വേണ്ടത്ര പണം നല്‍കി അവയും സ്വന്തമാക്കും. ഇതുവരെ കൈയില്‍ ലഭിക്കാത്ത കറന്‍സികളും നാണയങ്ങളും തേടി ഇനിയും സഞ്ചാരം തുടരാന്‍ തന്നെയാണ് ഹാഷിറിന്റെ തീരുമാനം. ലക്ഷങ്ങളാണ് കറന്‍സികളും നാണയങ്ങളും സ്വന്തമാക്കാനായി ഇദ്ദേഹം ഇതുവരെ മാറ്റിവെച്ചത്. എല്ലാം സംഘടിപ്പിച്ച് വലിയ പ്രദര്‍ശനം നടത്തണമെന്നാണ് ആഗ്രഹം. എല്ലാ പിന്തുണയുമായി പിതാവ് ചേലമുക്കിലെ നീളംപറമ്പത്ത് അന്ത്രുക്കുട്ടിയും മാതാവ് സുലൈഖയും ഭാര്യ സാജിതയും ഹാഷിറിനൊപ്പമുണ്ട്. ഹാമിദ് യാസീന്‍, മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹൈസം എന്നിവരാണ് മക്കള്‍.