National
മോദി സര്‍ക്കാര്‍ ജനങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്; ആശ്രയിക്കുന്നത് ഇസ്‌റാഈലിന്റെതടക്കമുള്ള കമ്പനികളെ
രാജ്യത്തെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള കേബിള്‍ ലാന്‍ഡിങ് സ്‌റ്റേഷനുകള്‍ വഴിയാണ് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ന്യൂഡല്‍ഹി | രാജ്യത്തെ 142 കോടിയില്‍ പരം വരുന്ന പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വാതില്‍ സംവിധാനത്തിലൂടെ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്തെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള കേബിള്‍ ലാന്‍ഡിങ് സ്‌റ്റേഷനുകള്‍ വഴിയാണ് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡാറ്റകളുടെ പരിശോധന, പകര്‍ത്തല്‍, വിതരണം എന്നിവ നടത്താന്‍ കഴിയുന്ന ഹാര്‍ഡ്‌വേര്‍ സംവിധാനം വഴിയാണ് ആവശ്യമായ സമയത്തെല്ലാം വിവരങ്ങള്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (എ ഐ)ന്റെയും ഡാറ്റാ അനലിറ്റിക്‌സിന്റെയും സഹായവും ഇക്കാര്യത്തിലുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
രാജ്യത്തിന്റെ ആശയ വിനിമയ മാര്‍ക്കറ്റ് ത്വരിതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി കമ്പനികളാണ് നിരീക്ഷണ ഉപകരണങ്ങള്‍ വില്‍ക്കാനായി രംഗത്തുള്ളത്. ‘വെഹെറെ’ പോലുള്ള തദ്ദേശീയ സ്ഥാപനങ്ങള്‍ക്കു പുറമെ, അധികം അറിയപ്പെടാത്ത കോഗ്നൈറ്റ്, സെപ്ഷ്യര്‍ തുടങ്ങിയ ഇസ്‌റാഈല്‍ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി യു എസ് ആസ്ഥാനമായ അത്‌ലാന്റിക് കൗണ്‍സില്‍ 2021ല്‍ വിലയിരുത്തിയ നിരവധി കമ്പനികളിലൊന്നാണ് സെപ്ഷ്യര്‍ എന്നതും കാര്യങ്ങളുടെ ഗുരുതരാവസ്ഥക്ക് ആക്കം കൂട്ടുന്നു. യു എസ്/നാറ്റോ ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാനും പ്രാന്തവത്കരിക്കപ്പെട്ട ജനതയെ അപായപ്പെടുത്താനും താത്പര്യമുള്ള സര്‍ക്കാറുകള്‍ക്ക് തങ്ങളുടെ ഉത്പന്നം ശക്തി പകരുമെന്ന അപകടാവസ്ഥയുണ്ടെന്ന് ഈ കമ്പനികള്‍ അംഗീകരിക്കുകയും അതേസമയത്തു തന്നെ തള്ളിക്കളയുകയും ചെയ്യുന്നതായി അത്‌ലാന്റിക് കൗണ്‍സില്‍ നിരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരീക്ഷണ സാങ്കേതിക വിദ്യ കടലിലൂടെയുള്ള കേബിള്‍ ലാന്‍ഡിങ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ ടെലികോം കമ്പനികളോട് ഇന്ത്യന്‍ സര്‍ക്കാര്‍ തുറന്ന് ആവശ്യപ്പെടുന്നതായാണ് സൂചന. ആഗോള തലത്തില്‍ ഇത്തരം കേബിള്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ഫിനാന്‍ഷ്യല്‍ ടൈംസ് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍, നിരീക്ഷണ സംവിധാനങ്ങള്‍ക്കു മേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.
2019ലും 2021ലും മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളില്‍ നിന്ന് ഹാക്കിങ് ഉപകരണം ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ‘പെഗാസസ്’ കുംഭകോണ ആരോപണത്തിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.