Kerala
മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചു; അമ്മയെപ്പറ്റി അവളെഴുതിയ വരികള്‍ പങ്കുവച്ചു മന്ത്രി വീണാ ജോര്‍ജ്
വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകള്‍ ഉണ്ടാകുകയെന്നും നാളെ മുതല്‍ സ്‌കൂളില്‍ പോകുമെന്നും മന്ത്രി അറിയിച്ചു

ആലപ്പുഴ | ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടിയെന്നും വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകള്‍ ഉണ്ടാകുകയെന്നും നാളെ മുതല്‍ സ്‌കൂളില്‍ പോകുമെന്നും മന്ത്രി അറിയിച്ചു.
എം എല്‍ എ അരുണ്‍ കുമാറിനൊപ്പം കുഞ്ഞിനെ സന്ദര്‍ശിച്ച മന്ത്രി പിതാവിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോടും സംസാരിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
തൊട്ടിലിലാട്ടുമമ്മ. താരാട്ടായി പാടുമമ്മ. ഒന്നല്ല… രണ്ടല്ല… മൂന്നല്ല…നാലല്ല…പതിനായിരം വര്‍ഷങ്ങളേറെ ചുമന്നൊരമ്മ…ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകള്‍ തന്റെ അമ്മയെ കുറിച്ചെഴുതിയതാണീ കവിത. ഇത് മാത്രമല്ല ഒരുപാട് കവിതകള്‍ ഉണ്ട് അവളുടെ നോട്ട് ബുക്കില്‍. അവള്‍ എഴുതിയ കവിതകള്‍. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ അവള്‍. വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകള്‍ ഉണ്ടാകുക. നാളെ മുതല്‍ സ്‌കൂളില്‍ പോകും. ഈ മകളേയും അച്ഛന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളേയും ഇന്നലെ സന്ദര്‍ശിച്ചു. എം എല്‍ എ ശ്രീ അരുണ്‍ കുമാറും ഒപ്പമുണ്ടായിരുന്നു.