Connect with us

Kozhikode

മര്‍കസ് 'എഡ്യുഫേസ്' നാളെ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയന്‍സ് ലാബും സമര്‍പ്പിക്കും. ചടങ്ങില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

Published

|

Last Updated

കോഴിക്കോട് | പൊതുവിദ്യാഭ്യാസ മികവിന്റെ ഭാഗമായി വിവിധ മര്‍കസ് സ്‌കൂളുകളില്‍ നിര്‍മിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയന്‍സ് ലാബിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാളെ (ആഗസ്റ്റ് 22, വെള്ളി) നിര്‍വഹിക്കും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

കാരന്തൂരിലെ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് എന്നിവയാണ് നാളെ രാവിലെ ഒമ്പതിന് കാരന്തൂരിലെ സെന്‍ട്രല്‍ കാമ്പസില്‍ നടക്കുന്ന ‘എഡ്യുഫേസി’ല്‍ മന്ത്രി സമര്‍പ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവിന് സവിശേഷ ശ്രദ്ധ നല്‍കിയാണ് മര്‍കസ് മാനേജ്മെന്റ് മേല്‍ പദ്ധതികള്‍ സാക്ഷാത്കരിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശം നല്‍കും. ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, മര്‍കസ് എജ്യുക്കേഷന്‍ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, പ്രിന്‍സിപ്പല്‍മാരായ കെ എം ഫിറോസ് ബാബു, കെ അബ്ദുല്‍ നാസര്‍, എം മൂസക്കോയ, മുഹ്സിന്‍ അലി, ഹെഡ്മാസ്റ്റര്‍മാരായ നിയാസ് ചോല, എ ആഇശ ബീവി, പി മുഹമ്മദ് ബശീര്‍, പി അബ്ദുന്നാസര്‍, പി ടി എ പ്രസിഡന്റുമാരായ കെ കെ ഷമീം, ബെന്നി അബ്രഹാം, എന്‍ എം ശംസുദ്ദീന്‍ സംബന്ധിക്കും.

 

Latest