Kerala
മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി
800 കോടി രൂപയിലെറെ മുതല്‍മുടക്കുള്ള പുതിയ പദ്ധതികള്‍ക്കായുള്ള പ്രൊപ്പോസൽ കേന്ദ്രമന്ത്രിയ്ക്ക് നൽകി.

ന്യൂഡല്‍ഹി|വിനോദസഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ച നേടിയ കേരളത്തിന് കൂടുതല്‍ പദ്ധതിവിഹിതം ആവശ്യപ്പെട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ച നടത്തി. അക്ബര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ 800 കോടി രൂപയിലെറെ മുതല്‍മുടക്കുള്ള പുതിയ പദ്ധതികള്‍ക്കായുള്ള പ്രൊപ്പോസൽ കേന്ദ്രമന്ത്രിയ്ക്ക് നൽകി. കേരളം സമര്‍പ്പിച്ച പദ്ധതികളോട് കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം ടൂറിസം മേഖലയില്‍ നടത്തുന്ന മികവുള്ള പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഡിസംബറിൽ കേരളത്തിൽ നടത്തുന്ന ടൂറിസം പരിപാടിയിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിക്കുക എന്നതും കൂടിക്കാഴ്ചയുടെ ഉദ്ദേശമായിരുന്നെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാടിന് (കണ്ണൂര്‍ ജില്ല) 150 കോടി രൂപ, ഫോര്‍ട്ട് കൊച്ചിയ്ക്ക് 100 കോടി രൂപ, കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് 50 കോടി രൂപ എന്നിവയാണ് പ്രധാന പദ്ധതികള്‍ .
കൂടരഞ്ഞിയില്‍ ഉത്തരവാദിത്ത ടൂറിസം വില്ലേജ് 50 കോടി ചെലവിട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു.
കോവളം, കാപ്പില്‍ ബീച്ചുകളുടെ വികസനം, വേങ്ങാട് ടൂറിസം വില്ലേജ് പദ്ധതി, കൊച്ചി ക്രൂയിസ് ടെര്‍മിനല്‍ , കൊല്ലം പോര്‍ട്ട് ക്രൂയിസ് എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.കോഴിക്കോട് ബേപ്പൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപിക്കുന്നതിനുള്ള സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഇതിനോടകം 374 കോടി രൂപയുടെ ആറ് പദ്ധതികള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.