Connect with us

Kerala

സംസ്ഥാനം ഭരിക്കുന്നത് ഭഗവാന്റെ മുതല്‍ അടിച്ചുമാറ്റിയവര്‍: സണ്ണി ജോസഫ്

ശബരിമലയുടെ പവിത്രത നശിപ്പിക്കുന്നതായി ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ കെ പി സി സി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസ സംഗമം.

Published

|

Last Updated

പത്തനംതിട്ട | കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചവരും കൊള്ളമുതല്‍ പങ്കിട്ടെടുത്തവരുമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്നതായി ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ കെ പി സി സി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വിശ്വാസ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ഹൈക്കോടതിയെ പൊലും ഞെട്ടിച്ച സംഭവമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള. വിശ്വാസികള്‍ ശബരിമലയില്‍ സമര്‍പ്പിച്ച കോടികള്‍ വിലമതിപ്പുള്ള കിലോക്കണക്കിന് സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഭഗവാന്റെ മുതല്‍ ഇത്തരത്തില്‍ അടിച്ചുമാറ്റാന്‍ ഇടതുപക്ഷ സര്‍ക്കാരിനു മാത്രമേ സാധ്യമാകൂ. കൊള്ളയ്ക്ക് നേതൃത്വം നല്‍കുകയും അതിന്റെ വിഹിതം പറ്റുകയും ചെയ്തതിനാലാണ് പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും കിണഞ്ഞ് പരിശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നു.

കൊള്ളമുതല്‍ എവിടെയാണെന്നറിയാന്‍ പ്രതിപക്ഷത്തിനും കേരള ജനതയ്ക്കും ആഗ്രഹമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വിശ്വാസം ഉണ്ടെന്നു പറഞ്ഞാല്‍ അത് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ താമരശ്ശേരിയിലെ ബിഷപ്പിനെ നികൃഷ്ഠ ജീവി എന്ന് അഭിസബോധന ചെയ്ത വ്യക്തിയാണ് പിണറായി. കൊട്ടാരക്കരയിലെ എം എല്‍ എ ആയിരുന്ന ആയിഷാ പോറ്റി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് നടപടി എടുത്തവരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്. ജനങ്ങള്‍ക്ക് മുന്നില്‍ വിശ്വാസിയാണെന്ന് അഭിനയിക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിക്കില്ലെന്ന് പിണറായിയും പരിവാരങ്ങളും ഓര്‍ത്താല്‍ നന്ന്.

അയ്യപ്പന്റെ സ്വര്‍ണം നിര്‍ണയിക്കാന്‍ പറ്റാത്ത മൂല്യമുള്ള വസ്തുവാണ്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും മഹിമയെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ജനങ്ങളുടെ പ്രതിഷേധത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തുടര്‍ പ്രതിഷേധങ്ങളുടെ ഭാഗമായി 14 ന് കെ മുരളീധരന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നും കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് നിന്നും ബെന്നി ബഹന്നാന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിക്കുന്ന ജാഥകള്‍ കേരളത്തിന്റെ പ്രധാന പട്ടണങ്ങളില്‍ പര്യടനം നടത്തി 18ന് ചെങ്ങന്നൂരില്‍ എത്തും. അവിടെ നിന്നും കാല്‍നടയായി പന്തളത്ത് സംഗമിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ അറിയിച്ചു.

 

Latest