Kerala
'ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി'; തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ സ്ഥലം മാറ്റി
തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐ. തിരുവനന്തപുരം സ്വദേശി ബിനുവിനെയാണ് സ്ഥലം മാറ്റിയത്.
തിരുവല്ല | ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. തിരുവല്ല പോലീസ് സ്റ്റേഷനിലെ എ എസ് ഐ. തിരുവനന്തപുരം സ്വദേശി ബിനുവിനെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം റൂറലില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടു വര്‍ഷം മുമ്പാണ് ബിനുവിനെ തിരുവല്ലയിലേക്ക് മാറ്റിയത്. ഇവിടെ ഇയാള്‍ ഏറെ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദാണ് ബിനുവിനെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാപ്പ കേസ് പ്രതിക്ക് വേണ്ടി പോലീസില്‍ നിന്നുളള രേഖകള്‍ ചോര്‍ത്തി നല്‍കിയെന്നതാണ് ഏറ്റവും ഒടുവില്‍ എ എസ് ഐക്കെതിരെ വന്ന ആരോപണം. പായിപ്പാട് സ്വദേശിയുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തുകയും പോലീസിലെ നിര്‍ണായക രേഖകള്‍ ചോര്‍ത്തുകയും ചെയ്തുവെന്നാണ് പറയുന്നത്.
പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ നിഷാന്ത് പി ചന്ദ്രന്‍, സഹപ്രവര്‍ത്തകനായ പുഷ്പദാസ് എന്ന സീനിയന്‍ സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ബിനുവാണ് പുറത്തു വിട്ടതെന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ അടുപ്പക്കാരനായ പായിപ്പാട് സ്വദേശി മുഖേനെയാണ് മാധ്യമങ്ങളുടെ കൈവശം ക്ലിപ്പ് എത്തിയത്. ഇതേ തുടര്‍ന്ന് നിഷാന്ത് പി ചന്ദ്രനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. വോയ്സ് ക്ലിപ്പ് ചോര്‍ന്നത് സേനയില്‍ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സേനയുടെ സത്‌പേരിന് കളങ്കം ചാര്‍ത്തുന്ന ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.



