Connect with us

Kerala

ദേശീയപാത 66 നിര്‍മാണോദ്ഘാടനം ജനുവരിയില്‍; ഗഡ്കരിയെത്തും

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് , എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെത്തും. പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്നും മുഹമ്മദ് റിയാസ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗഡകരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി റിയാസ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഡിസംബറില്‍തന്നെ ദേശീയ പാത 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് മുഴുവന്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഉടന്‍ നടത്തും. ഇതുവരെ 450 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായി. പൂര്‍ത്തിയായ ഭാഗം അപ്പപ്പോള്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നുണ്ട്. ചില റീച്ചുകളില്‍ പ്രവൃത്തി മന്ദഗതിയിലാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. . ദേശീയ പാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്ത് സ്ഥലം ഏറ്റെടുപ്പിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതളളുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് , എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ദേശീയപാത സംസ്ഥാന ഹൈവേയെ മുറിച്ച് കടന്നു പോകുന്ന ഭാഗത്ത് എലവേറ്റഡ് ഹൈവേ ദേശീയ പാതാ അതോറിറ്റി പണിയും. ഇതിനുള്ള ഫണ്ട് കേന്ദ്രം വഹിക്കും. കോഴിക്കോട്-പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വരുന്നതോടെ കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് എത്താനാവും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും ജനുവരിയില്‍ നടത്തുമെന്നും മന്ത്രി മുഹമ്മദ്‌ റിയാസ്പറഞ്ഞു.

Latest