From the print
ബഹുജന കുടിയേറ്റം അവസാനിപ്പിക്കണം; ആസ്‌ത്രേലിയയിൽ വിദ്വേഷം വിതറി തീവ്ര വലതുപക്ഷ റാലി
ഇന്ത്യക്കാർക്കെതിരെയും പ്രതിഷേധം

സിഡ്നി | ആസ്ത്രേലിയയിൽ കുടിയേറ്റക്കാർക്കെതിരേ പ്രക്ഷേഭവുമായി നിരത്തിലിറങ്ങി ആയിരങ്ങൾ. ആസ്ത്രേലിയയിലേക്കുള്ള ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് “മാർച്ച് ഫോർ ആസ്ത്രേലിയ’ എന്ന തീവ്രവലതുപക്ഷ സാമൂഹിക മാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ കുടിയേറ്റവിരുദ്ധ റാലി അരങ്ങേറിയത്.
രാജ്യത്തിന്റെ കുടിയേറ്റ നയംആസ്ത്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇന്ത്യക്കാർക്കെതിരേ അടക്കമുള്ള വിദ്വേഷം നിറഞ്ഞ ലഘുലേഖകൾ പ്രതിഷേധക്കാർ പുറത്തിറക്കി. നൂറ് വർഷത്തിനിടെ വന്ന ഗ്രീക്കുകാരേക്കാളും ഇറ്റലിക്കാരേക്കാളും അധികം ഇന്ത്യക്കാർ അഞ്ച് വർഷം കൊണ്ട് ആസ്ത്രേലിയയിലെത്തി എന്നായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ആസ്ത്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ഇന്ത്യക്കാരാണെന്നും അവർ പറയുന്നു. 2013 മുതൽ 2023 വരെ ആസ്ത്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായെന്നും അത് 8.5 ലക്ഷത്തിലെത്തിയെന്നും പ്രതിഷേധക്കാർ പറയുന്നു. നമ്മുടെ രാജ്യത്തെ തിരികെകൊണ്ടുപോകൂ, നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കൂ തുടങ്ങിയ വാചകങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളും സംഘാടകർ പുറത്തിറക്കി. ആസ്ത്രേലിയയിലെ ഭൂരിപക്ഷവിഭാഗം ജനങ്ങളും തങ്ങൾക്കൊപ്പമാണെന്നും അവർ അവകാശപ്പെട്ടു.
അതേസമയം, റാലിയെ അപലപിച്ച സർക്കാർ പങ്കെടുത്തവർ തീവ്ര വലതുപക്ഷ ബന്ധമുള്ളവരാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവരാണെന്നും അറിയിച്ചു. റാലികൾ അംഗീകരിക്കില്ലെന്നും ഒരു തരത്തിലുള്ള വിദ്വേഷത്തിനും ആസ്ത്രേലിയയിൽ സ്ഥാനമില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാർക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.
വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം റാലികളെ തങ്ങൾ പിന്തുണക്കുന്നില്ലെന്ന് ആസ്ത്രേലിയൻ മന്ത്രി മുറായ് വാട്ട് പറഞ്ഞു.