National
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം; ഹരജിയില്‍ വിധി ഇന്ന്
പതിനഞ്ച് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്

ന്യൂഡല്‍ഹി | വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന പൊതുതാത്പര്യ ഹരജികളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി ഇന്ന്. ജസ്റ്റിസുമാരായ രാജീവ് ശക്‌ധേര്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉച്ചക്ക് 2.30ന് വിധി പറയുന്നത്. പതിനഞ്ച് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായാണ് ഒഴിവാക്കല്‍ വ്യവസ്ഥയുള്ളത്. ക്രിമിനല്‍ കുറ്റമാക്കിയാല്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു. വൈവാഹിക ബലാത്സംഗത്തിലെ ഇരയടക്കം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ എതിര്‍പ്പുമായി പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.