Connect with us

From the print

തലക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ചു. നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം പര്‍വേശ് എന്ന സഹദേവ് സോറന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്.

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. തലക്ക് ഒരു കോടി രൂപ വിലയിട്ട, നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം പര്‍വേശ് എന്ന സഹദേവ് സോറന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്.

ബിഹാര്‍- ഝാര്‍ഖണ്ഡ് സ്പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന രഘുനാഥ് ഹെംബ്രാം, സോ ണല്‍ കമ്മിറ്റി അംഗമായ ബിര്‍സണ്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇരുവരുടെയും തലക്ക് യഥാക്രമം 25, പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നു. ഇവരില്‍ നിന്ന് എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.

ഇന്നലെ പുലര്‍ച്ചെ 4.20 ഓടെ ഗോര്‍ഹാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹസാരിബാഗിലെ ടാടി ഝരിയ, കരന്തി ഗ്രാമങ്ങളിലാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഝാര്‍ഖണ്ഡ് പോലീസിന്റെയും സി ആര്‍ പി എഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂനിറ്റുകളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച ഛത്തീസ്ഗഢിലെ ഗരിയാബന്ദിലുണ്ടായ ഏറ്റുമുട്ടലില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചിരുന്നു. സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മൊദേം ബാലകൃഷ്ണയെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.