Kerala
ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന കണ്ണൂര്‍ സ്വദേശി ശ്രീഹരി (50)യാണ് മരിച്ചത്.

തിരുവനന്തപുരം | ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രീഹരി (50)യാണ് മരിച്ചത്. മണക്കാടുള്ള വര്‍ക്‌ഷോപ്പില്‍ മെക്കാനിക്കായിരുന്നു ശ്രീഹരി. കഴിഞ്ഞ ആഗസ്റ്റ് 19നാണ് ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇയാളെ വര്‍ക്‌ഷോപ്പിന്റെ ഉടമ ആശുപത്രിയിലെത്തിച്ചത്.
ബ്രയിന്‍ സ്റ്റെം സ്ട്രോക്കാണ് ശ്രീഹരിക്ക് സംഭവിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തലച്ചോറിന്റെ പ്രധാന ഭാഗങ്ങളായ സെറിബെല്ലം, പോണ്‍സ് എന്നിവിടങ്ങളില്‍ രക്തം കട്ടപിടിച്ചിരുന്നു. തുടര്‍ന്ന് ന്യൂറോളജി, ന്യൂറോ സര്‍ജറി, ഫിസിയോതെറാപ്പി വിഭാഗങ്ങളുടെ നിര്‍ദേശപ്രകാരം ചികിത്സ തുടര്‍ന്നു.
പിന്നീട് നടത്തിയ തലച്ചോറിന്റെ സി ടി ആന്‍ജിയോഗ്രാം പരിശോധനയില്‍ ശ്വാസകോശവും ഹൃദയവുമൊക്കെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രധാന ഭാഗമായ പോണ്‍സിലാണ് സ്ട്രോക്ക് കാര്യമായി ബാധിച്ചതെന്ന് കണ്ടെത്തി. ന്യൂറോ മെഡിസിന്‍ വിഭാഗത്തിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോയെങ്കിലും ശ്രീഹരിയെ രക്ഷപ്പെടുത്താനായില്ല.