Connect with us

west bengal

മമതയുടെ കടുത്ത വിമര്‍ശകന്‍, ഇനി തൃണമൂലിന്റെ വിശ്വസ്തന്‍; ആരാണ് ബാബുല്‍ സുപ്രിയോ

ബംഗാളിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു വലിയ അവസരമാണെന്നും മമതയും അഭിഷേക് ബാനര്‍ജിയും നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒരുമാസം കൃത്യം കഴിഞ്ഞാണ് മുന്‍ ബി ജെ പി വക്താവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ബി ജെ പി ഏറ്റവും പ്രധാനമെന്ന് കരുതിയ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പരിസ്ഥിതി വകുപ്പിന്റെ സഹമന്ത്രി സ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായി ബാബുല്‍ സുപ്രിയോ പ്രഖ്യാപിച്ചത്.

ബി ജെ പി വിട്ട് മമതയുടെ പാളയത്തിലെത്തിയ ബാബുലിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും രാജ്യസഭാ എം പി ഡെറിക്ക് ഒബ്രിയാനും ചേര്‍ന്നാണ് സ്വീകരിച്ചത്. മമതയെ അതിശക്തമായി ആക്രമിച്ചിരുന്ന ബാബുല്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ ചേരുന്നതോടെ മണ്ഡലത്തില്‍ ടി എം സിയുടെ താരപ്രചാരകനായിരിക്കും.

ബംഗാളില്‍ അസന്‍സോള്‍ നിന്നുള്ള ലോകസഭാ അംഗമാണ് ബാബുല്‍. തൃണമൂലില്‍ ചേരുന്നത് വലിയൊരു അവസരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള നേരത്തേയെടുത്ത തീരുമാനം വൈകാരികമായ ഒന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള അറിയപ്പെടുന്ന ഗായകനും നടനുമാണ് ബാബുല്‍ സുപ്രിയോ. നരേന്ദ്ര മോഡി ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പന് മുന്നോടിയായാണ് അദ്ദേഹം ബി ജെ പിയില്‍ എത്തുന്നത്. അസന്‍സോളില്‍ നിന്ന് ഡോലാ സെന്നിനെ പരാജയപ്പെടുത്തിയാണ് ബാബുല്‍ ആദ്യമായി ലോകസഭയിലെത്തുന്നത്. 60,000 ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു അന്ന് അദ്ദേഹത്തിന്റെ വിജയം. ആദ്യ അവസരത്തില്‍ തന്നെ ഇദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമായി. നരേന്ദ്ര മോഡി സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു അദ്ദേഹം. നഗര വികസനവും ഹൗസിംഗും നഗര കേന്ദ്രീകൃത ദാരിദ്യ നിര്‍മാര്‍ജ്ജനവുമായിരുന്നു അദ്ദേഹത്തിന്റെ വകുപ്പുകള്‍. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറ്റ് രണ്ടാം വര്‍ഷം തന്നെ വകുപ്പുകളില്‍ മാറ്റമുണ്ടായി.

താരതമ്യേന കരുത്തുറ്റ എതിരാളിയെയായിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബുലിന് നേരിടേണ്ടി വന്നത്. അസന്‍സോളില്‍ തന്നെ മത്സരിച്ച ഇദ്ദേഹം മറ്റൊരു സിനിമാ താരമായി മൂണ്‍ മൂണ്‍ സെന്നിനെയാണ് ആ വര്‍ഷം നേരിട്ടത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പത് വട്ടം എം പിയായിരുന്ന ഇടത് എം പി ബങ്കുരയെ തോല്‍പ്പിച്ച് ജയന്റ് കില്ലര്‍ എന്ന പേര് നേടിയ മൂണ്‍ മൂണ്‍ സെന്‍ കടുത്ത മത്സരം തന്നെ ബാബുലിനെതിരെ കാഴ്ചവച്ചെങ്കിലും ബാബുല്‍ വലിയ മാര്‍ജിനില്‍ വിജയിക്കുകയിരുന്നു. അത്തവണ ബംഗാളില്‍ അന്‍സോളടക്കം 18 സീറ്റുകളില്‍ ബി ജെ പി പശ്ചിമ ബംഗാളില്‍ വിജയിച്ചു.രണ്ടാം വട്ടവും ലോകസഭാ എം പിയായ ബാബുല്‍ അത്തവണ വനം, പരിസ്ഥിതി മന്ത്രിയായി നിയമിക്കപ്പെട്ടു.

2021 ലെ ബി ജെ പിക്ക് നിര്‍ണ്ണായകമായി ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ടൊള്ളിഗഞ്ചില്‍ നിന്നും സിറ്റിംഗ് എം എല്‍ എ അരൂപ് ബിശ്വാസിനെതിരെ മത്സരിച്ചെങ്കിലും വിജയ യാത്ര തുടരാന്‍ ബാബുലിനായില്ല. മമത ബാനര്‍ജി അതിശക്തമായി അധികാരത്തില്‍ തിരിച്ചെത്തിയ ആ തിരഞ്ഞെടുപ്പില്‍ ബാബുല്‍ അമ്പതിനായിരത്തിലേറെ വോട്ടിനാണ് പരാജയപ്പെടുന്നത്.

2021 ജൂലൈ ഏഴിന് നടന്ന കേന്ദ്ര മന്ത്രി സഭാ പുനഃസംഘടനക്ക് മുന്നോടിയായി അദ്ദേഹത്തിനോട് രാജിവെക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിയാതെ വരികയും അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള എം പിമാരെ മന്ത്രിമാരായി നിയമിക്കേണ്ടി വന്നതോടെയും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കേണ്ടി വരികയും ചെയതതോടെയാണ് ബാബുലിന് മന്ത്രിസ്ഥാനം നഷ്ടമായത്. ഇതിന് പിന്നാലെ ജൂലൈ 31 ന് താന്‍ രാഷ്ട്രീയം വിടുകയാണെന്നും എം പി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താന്‍ ഇനി മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലേക്കും ഇല്ലെന്ന അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത്- ഈസ്റ്റ് രാഷ്ട്രീയത്തില്‍ പതിവായ കൂടുമാറ്റത്തിനൊടുവില്‍ തന്റെ മുന്‍ നിലപാടുകളേയും വാക്കുകളേയും പാടേ മറന്നുകൊണ്ട് അദ്ദേഹം തൃണമൂലില്‍ ചേരുകയാണ് ഉണ്ടായത്.

ബംഗാളിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു വലിയ അവസരമാണെന്നും മമതയും അഭിഷേക് ബാനര്‍ജിയും നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരിച്ചത്. നിയമത്തിന്റേയും ധാര്‍മ്മികതയുടേയും പുസ്തകത്തിനനുസൃതമായേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. തൃണമൂലില്‍ നിന്നുള്ള ഊഷ്മളമായ സ്വീകരണത്തില്‍ താന്‍ തൃപ്തനാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Latest