Kerala
ചെങ്കടലില്‍ ഹൂതികള്‍ മുക്കിയ കപ്പലിലെ മലയാളി സുരക്ഷിതന്‍
ആലപ്പുഴ പത്തിയൂര്‍ സ്വദേശി അനില്‍ കുമാര്‍ യെമനില്‍ നിന്ന് ഭാര്യയെ വിളിച്ചു

ആലപ്പുഴ | യെമനിലെ ഹൂതികള്‍ ആക്രമിച്ച് ചെങ്കടലില്‍ മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരന്‍ സുരക്ഷിതനെന്നു വിവരം ലഭിച്ചു. ആലപ്പുഴ പത്തിയൂര്‍ സ്വദേശി അനില്‍ കുമാര്‍ യെമനില്‍ നിന്ന് ഭാര്യയെ വിളിച്ചു.
ഇസ്‌റാഈലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പല്‍ ഈ മാസം പത്തിനാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. കപ്പല്‍ ഹൂതികള്‍ ആക്രമിച്ചപ്പോള്‍ അനില്‍കുമാര്‍ കടലിലേക്ക് ചാടി, മറ്റൊരു കപ്പലില്‍ കയറി രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അനില്‍ കുമാറിനെ യെമനില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു.
കപ്പിലിലെ ജീവനക്കാരനായിരുന്ന അനില്‍കുമാറിനെ കാണാണില്ലെന്ന് പരാതിപ്പെട്ട് കുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഹൂതികളുടെ ആക്രമണത്തില്‍ കപ്പലില്‍ ഉണ്ടായിരുന്ന ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മറ്റൊരു മലയാളി.
ഇസ്‌റാഈല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇസ്‌റാഈല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്‌റാഈല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നുമാണ് ഹൂതികള്‍ പറയുന്നത്.