Kozhikode
മക്കിക്കുളം ഉമര്‍ ഫൈസി നിര്യാതനായി
അഗത്തിയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ആദ്യ പണ്ഡിതനാണ്.

കോഴിക്കോട് | അഗത്തി ദ്വീപിലെ പ്രമുഖ പണ്ഡിതനും സുന്നി നേതാവുമായ മക്കിക്കുളം ഉമര്‍ ഫൈസി (79) നിര്യാതനായി. ഇന്ന് രാവിലെ ആറോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ അഗത്തിയില്‍ യാത്രക്കിടെ വാഹനത്തില്‍ കുഴഞ്ഞുവീണ ഉമര്‍ ഫൈസിയെ കൊച്ചിയിലെ ആശുപത്രിയിലും തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
അഗത്തിയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ആദ്യ പണ്ഡിതനാണ്. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് പട്ടിക്കാട് ജാമിഅ നൂരിയയിലെ പ്രഥമ ബാച്ചില്‍ പഠിച്ച ഉമര്‍ ഫൈസിയുടെ പ്രധാന ഉസ്താദുമാര്‍. അഗത്തിയിലും കേരളത്തിലുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്.
മതപഠനം പൂര്‍ത്തിയാക്കിയ ശേഷം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ 19 വര്‍ഷം പള്ളിയിലും മദ്‌റസയിലുമായി സേവനമനുഷ്ഠിച്ചു. ശേഷം ജന്മനാടായ അഗത്തി മദ്‌റസയില്‍ സ്വദറായി സേവനം ചെയ്തിട്ടുണ്ട്. ഇവിടെ ഇസ്‌ലാമിക പഠന ക്ലാസിനും ഖുര്‍ആന്‍ പഠനത്തിനും നേതൃത്വം നല്‍കി. അഗത്തി ബദരിയ്യ യതീംഖാനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. അഗത്തി ദരിവിനോട വീട്ടിലെ ബീഫാത്തുമ്മാബിയാണ് ഭാര്യ.
മക്കള്‍: മുഹമ്മദ് അശ്‌റഫ്, മുഹമ്മദ് അലി, മുഹമ്മദ് ഹാശിം ബാഖവി, സമീറ ബീഗം, മറിയംബി, ബുഷ്‌റാ ബീഗം, ആസിയാ ബീഗം. മരുമക്കള്‍: പൂക്കോയ ജൗഹരി, ഷഫീഖ് സൈനി, താജുദ്ധീന്‍ സഅദി, മുജീബ് റഹ്മാന്‍, സമീറ ബീഗം, റൈഷ ബിന്‍ത് ഷാഫി. കോഴിക്കോട് സഹായിയില്‍ മരണാനന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.