articles
ഡിജിറ്റല്‍ യുഗത്തിലെ സാക്ഷരതാ സ്വപ്‌നങ്ങള്‍
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സാക്ഷരത ഇല്ലെന്നാണ് യുനെസ്‌കോയുടെ വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. സാക്ഷരതാ നിരക്കുകളിലെ പുരോഗതി വിലയിരുത്തുന്നതിനും സമ്പൂര്‍ണ സാക്ഷരത കൈവരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സര്‍ക്കാറുകള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അന്താരാഷ്ട്ര സാക്ഷരതാ ദിനം ഒരു പ്രചോദനമാണ്. കെ പി നൗഷാദ്

എഴുത്തും വായനയും അറിയാത്ത ജനത ഏതൊരു രാജ്യത്തും മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇന്ത്യയിലെ സാക്ഷരത 70 ശതമാനത്തിന് അടുത്താണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, സൊമാലിയ എന്നിവിടങ്ങളിലെ സ്ഥിതി ദയനീയമാണ്. കേരളം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമാണ് എന്നത് നമുക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ഓരോ രാജ്യത്തെയും മുഴുവന്‍ ആളുകളെയും സാക്ഷരരാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭ ലോകത്തെ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യത്തിലെത്താന്‍ ഓരോ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാവരും സാക്ഷരരാകുകയും അതുവഴി സാമൂഹിക പുരോഗതിയും വികസനവും നേടിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്പൂര്‍ണ സാക്ഷരതയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും സാക്ഷരതയുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് സെപ്തംബര്‍ എട്ട് ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.
1991 ഏപ്രില്‍ പതിനെട്ടിനാണ് സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത, സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ദിനം. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ചേലക്കാടന്‍ ആഇശ എന്ന നവസാക്ഷരയാണ് കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. സാക്ഷരതാ പ്രവര്‍ത്തനം ആരംഭിച്ച ആദ്യഘട്ടത്തില്‍ നഗരം, ജില്ല എന്ന തരത്തിലും തുടര്‍ന്ന് സംസ്ഥാനം പൂര്‍ണമായും സാക്ഷരത കൈവരിക്കുക എന്ന നിലയില്‍ ആയിരുന്നു. 1989 ജൂണ്‍ 18ന് ഇന്ത്യയിലെ ആദ്യ സാക്ഷരതാ നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു.
തുടര്‍ന്ന് 1990 ഫെബ്രുവരി നാലിന് എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ചിട്ടയായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചു. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളം തുടര്‍ വിദ്യാഭ്യാസ പരിപാടികളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെയുള്ള ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ജില്ലാ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാക്ഷരതാ സമിതികളുമാണ്. ദേശീയ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തില്‍ തിരഞ്ഞെടുത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രേരക്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. നിരക്ഷരര്‍, പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവര്‍, തുടര്‍ വിദ്യാഭ്യാസത്തില്‍ തത്പരര്‍ എന്നിവര്‍ക്ക് വേണ്ടി ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.
സാക്ഷരതയിലൂടെ തുടര്‍പഠനം മുന്നോട്ട് കൊണ്ടുപോകുക, താത്പര്യമുള്ള ആര്‍ക്കും തുടര്‍ പഠനത്തിന് അവസരം ഉണ്ടാക്കി കൊടുക്കുക, അറിവ് ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിവുണ്ടാക്കുക, സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുക, നൈപുണി വികസന പദ്ധതി നടപ്പാക്കുക തുടങ്ങിയവയും, തീരദേശ- ആദിവാസി മേഖലകളില്‍ സമ്പൂര്‍ണ സാക്ഷരത നടപ്പാക്കാന്‍ അക്ഷരസാഗരം, ആദിവാസി സമ്പൂര്‍ണ സാക്ഷരതാ പദ്ധതി തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരുന്നു.
1965ല്‍ ഇറാനിലെ തെഹ്‌റാനില്‍ നടന്ന നിരക്ഷരതാ നിര്‍മാര്‍ജനത്തെ കുറിച്ചുള്ള ലോക സമ്മേളനത്തിലാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അതിനെ ത്തുടര്‍ന്ന് 1966ല്‍ നടന്ന പതിനാലാമത് പൊതുസമ്മേളനത്തില്‍ യുനെസ്‌കോ സെപ്തംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1967 സെപ്തംബര്‍ എട്ടിന് ലോക സാക്ഷരതാ ദിനമായി ആദ്യമായി ആചരിച്ചു.
ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിനം “ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ആചരിക്കുന്നത്. ഡിജിറ്റലൈസേഷന്‍ നമ്മുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സ്വാധീനിക്കുന്ന സാങ്കേതിക വിപ്ലവമായി മാറിയിരിക്കുന്നു. പഠനം, ജീവിതം, ജോലി, മറ്റ് സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ എല്ലാത്തിനെയും ഇത് ആഴത്തില്‍ മാറ്റിക്കൊണ്ടിരിക്കുന്നു. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ, അടിസ്ഥാന സാക്ഷരത കൈവരിക്കാത്ത ലക്ഷക്കണക്കിന് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പഠനാവസരങ്ങള്‍ ഒരുക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സഹായിക്കുമെങ്കിലും,ഈ ഡിജിറ്റല്‍ മാറ്റം പരമ്പരാഗത സാക്ഷരതാ പഠനം, സ്വകാര്യത, ഡിജിറ്റല്‍ നിരീക്ഷണം, പക്ഷപാതങ്ങള്‍, ധാര്‍മികത, നിഷ്‌ക്രിയ ഉപഭോഗത്തിന്റെ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ഈ പരിവര്‍ത്തനങ്ങളെ സമഗ്രവും പ്രസക്തവും അര്‍ഥവത്തായതുമാക്കുന്നതിന് സാക്ഷരത ഒരു പ്രധാന ഘടകമാണ്. വായനക്കും എഴുത്തിനും അപ്പുറം, ഡിജിറ്റല്‍ യുഗത്തിലെ സാക്ഷരത ആളുകളെ ഡിജിറ്റല്‍ ഉള്ളടക്കം സുരക്ഷിതമായി ഉപയോഗിക്കാനും മനസ്സിലാക്കാനും ആശയവിനിമയം നടത്താനും പ്രാപ്തരാക്കുന്നു. വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തുന്നതിനും വിവരങ്ങളുടെ വിശ്വസനീയത തിരിച്ചറിയുന്നതിനും സാക്ഷരത പ്രധാനപ്പെട്ട ഘടകമാണ്.
എല്ലാ വര്‍ഷവും സെപ്തംബര്‍ എട്ടിന് ആഗോള, പ്രാദേശിക, ദേശീയ തലങ്ങളില്‍ സാക്ഷരതയിലെ പുരോഗതിയെ വിലയിരുത്തുകയും ആചരിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. സാക്ഷരത എന്താണ് അര്‍ഥമാക്കുന്നത് എന്നും ഈ ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരതയും അധ്യാപനവും പഠനവും എങ്ങനെ രൂപകല്‍പ്പന ചെയ്യണം എന്നും ഈ വര്‍ഷം വിലയിരുത്തുന്നു. കൂടാതെ സാക്ഷരതയെ ഒരു പൊതുനന്മയായും മനുഷ്യാവകാശമായും പ്രോത്സാഹിപ്പിക്കുന്ന ഫലപ്രദമായ ഇടപെടലുകളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നീതിയുക്തവും സുസ്ഥിരവുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ മാര്‍ഗമാണ് സാക്ഷരത കൈവരിക്കല്‍ എന്നതും ഈ ദിനം മുന്നോട്ട് വെക്കുന്നുണ്ട്.
സാക്ഷരത നേടുക എന്നത് ഒരിക്കല്‍ മാത്രം നേടുന്ന കഴിവല്ല. വായന, എഴുത്ത്, എണ്ണല്‍ കഴിവുകള്‍ എന്നിവയുടെ ഒരു കൂട്ടം പരമ്പരാഗത ആശയത്തിനപ്പുറം, ഡിജിറ്റല്‍- ടെക്സ്റ്റ് വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് അത്യാവശ്യമാണ്. തിരിച്ചറിയല്‍, മനസ്സിലാക്കല്‍, വ്യാഖ്യാനം, സൃഷ്ടി, ആശയവിനിമയം എന്നിവക്കുള്ള ഒരു മാര്‍ഗമായാണ് സാക്ഷരത ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നത്. ജീവിതത്തിലുടനീളം വായന, എഴുത്ത്, സംഖ്യകള്‍ എന്നിവയിലെ പഠനത്തിന്റെയും പ്രാവീണ്യത്തിന്റെയും തുടര്‍ച്ചയാണ് സാക്ഷരത. കൂടാതെ ഡിജിറ്റല്‍ കഴിവുകള്‍, മാധ്യമ സാക്ഷരത, സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം, ആഗോള പൗരത്വം, തൊഴില്‍-നിര്‍ദിഷ്ട കഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ കൂട്ടം കഴിവുകളുടെ ഭാഗമാണിത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ കൂടുതല്‍ വിവരങ്ങളിലും പഠനത്തിലും ഏര്‍പ്പെടുമ്പോള്‍ സാക്ഷരതാ കഴിവുകള്‍ വികസിക്കുന്നു.
സാക്ഷരതയിലൂടെ ആളുകള്‍ ശാക്തീകരിക്കപ്പെടുകയും സ്വതന്ത്രരാക്കപ്പെടുകയും ചെയ്യുന്നു. ഇത് ദാരിദ്ര്യം കുറക്കുകയും തൊഴില്‍ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ആരോഗ്യത്തിലും സുസ്ഥിര വികസനത്തിലും മികച്ച പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നു. സാക്ഷരതയിലൂടെ ശാക്തീകരിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് വികസനത്തിന്റെ എല്ലാ രംഗത്തും ഇടപെടാന്‍ സാധിക്കുന്നു. അവര്‍ക്ക് കുടുംബങ്ങളുടെ ആരോഗ്യ- വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു.
1965ല്‍ ഇറാനിലെ തെഹ്‌റാനില്‍ നടന്ന നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള ലോക സമ്മേളനത്തില്‍ വികസനത്തിന്റെ അടിസ്ഥാനമായി സാക്ഷരത എന്ന ആശയം അവതരിപ്പിച്ചു. 1975ല്‍ ഇറാനിലെ പെര്‍സെപോളിസില്‍ യുനെസ്‌കോ സംഘടിപ്പിച്ച അന്താരാഷ്ട്ര സാക്ഷരതാ സിമ്പോസിയം സാക്ഷരത മനുഷ്യന്റെ വിമോചനത്തിനുള്ള സംഭാവനയാണെന്നുള്ള പ്രമേയം അംഗീകരിക്കുന്നു.1990ല്‍ ഐക്യരാഷ്ട്രസഭ 1990 അന്താരാഷ്ട്ര സാക്ഷരതാ വര്‍ഷമായി പ്രഖ്യാപിച്ചു. 1997ല്‍ ജര്‍മനിയിലെ ഹംബര്‍ഗില്‍ നടന്ന മുതിര്‍ന്നവരുടെ പഠനത്തെക്കുറിച്ചുള്ള അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ മുതിര്‍ന്നവരുടെ സാക്ഷരതയുടെ പ്രാധാന്യം ചര്‍ച്ച ചെയ്തു. 2009-10ല്‍ മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടു. 2015ല്‍ എല്ലാവര്‍ക്കും ആജീവനാന്ത പഠനം നല്‍കുന്നതിനും ഗുണമേന്മയുള്ളതും തുല്യത ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള ലോക വിദ്യാഭ്യാസ ഫോറത്തിന്റെ പ്രഖ്യാപനം അംഗീകരിച്ചു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സാക്ഷരത ഇല്ലെന്നാണ് യുനെസ്‌കോയുടെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കൂടാതെ ദശലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. സാക്ഷരതാ നിരക്കുകളിലെ പുരോഗതി വിലയിരുത്തുന്നതിനും സമ്പൂര്‍ണ സാക്ഷരത കൈവരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സര്‍ക്കാറുകള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അന്താരാഷ്ട്ര സാക്ഷരതാ ദിനം ഒരു പ്രചോദനമാണ്.