From the print
ഗോളില്ലാ കളി
അഫ്ഗാനിസ്താനോട് ഗോള്‍രഹിത സമനില വഴങ്ങി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് പോയിന്റാണ് ഇന്ത്യക്ക്. ഇറാന്‍-താജികിസ്താന്‍ മത്സരത്തെ ആശ്രയിച്ചാണ് ഇനി ഇന്ത്യയുടെ പ്ലേ ഓഫ് സാധ്യതകള്‍.

ഹിസോര്‍ (താജികിസ്താന്‍) | കാഫ നാഷന്‍സ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനോട് ഗോള്‍രഹിത സമനില വഴങ്ങി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് പോയിന്റാണ് ഇന്ത്യക്ക്. ഇറാന്‍-താജികിസ്താന്‍ മത്സരത്തെ ആശ്രയിച്ചാണ് ഇനി ഇന്ത്യയുടെ പ്ലേ ഓഫ് സാധ്യതകള്‍.
ഇന്ത്യയുടെ അന്‍വര്‍ അലിയാണ് കളിയിലെ താരം. ഇരു ടീമുകളും പലതവണ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. കളിയുടെ തുടക്കത്തില്‍ അഫ്ഗാനിസ്താന്‍ മികച്ചു നിന്നപ്പോള്‍ ആദ്യ പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യ ട്രാക്കിലായത്. 24ാം മിനുട്ടില്‍ അഫ്ഗാനിസ്താന് ഗോളിലേക്കുള്ള ആദ്യ അവസരം ലഭിച്ചു. ബോക്സിനു പുറത്ത് മധ്യഭാഗത്ത് നിന്ന് പനാഹി തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു തട്ടിയകറ്റിയതോടെ ഇന്ത്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 33ാം മിനുട്ടില്‍ ഇന്ത്യക്ക് ലഭിച്ച അവസരം മഞ്ഞക്കാര്‍ഡില്‍ കലാശിച്ചു. ബോക്സിന് മുന്നില്‍ വെച്ച് ആശിഖ് പന്ത് പിടിച്ചെടുത്തെങ്കിലും പൂര്‍ണമായി നിയന്ത്രിക്കുന്നതിന് മുന്പ് ഗോള്‍കീപ്പര്‍ ഹമീദി കൈപ്പിടിയിലൊതുക്കി. ഫോളോ-ത്രൂവില്‍ ആശിഖിന്റെ കാല്‍ ഹമീദിയുടെ തലയില്‍ തട്ടിയതിന് റഫറി മലയാളി താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കി.
43ാം മിനുട്ടില്‍ വലതുവിംഗില്‍ നിന്ന് ലഭിച്ച പാസ്സില്‍ നിന്ന് ആശിഖ് തൊടുത്ത ഷോട്ട് അഫ്ഗാനിസ്താന്‍ പ്രതിരോധം തടഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് ഗോളിലേക്കെത്താന്‍ ജിതിന് സുവര്‍ണാവസരം ലഭിച്ചു. രാഹുല്‍ ഭേക്കെയുടെ ലോംഗ് ത്രോയില്‍ നിന്ന് ബോക്സിനു മുന്നില്‍ വെച്ച് ലഭിച്ച പന്തെടുത്ത് ജിതിന്‍ തൊടുത്ത ഇടംകാലന്‍ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്സ് ബാറിന് മുകളിലൂടെ പോയത് നിരാശയായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു. പാസ്സുകളിലെ പിഴവുകളും അഫ്ഗാന്‍ ടീമിന്റെ കടുപ്പമേറിയ കളിയും ഇന്ത്യക്ക് താളം കണ്ടെത്താന്‍ തടസ്സമായി.