Kerala
ടി സിദ്ധീഖ് എം എല്‍ എക്ക് ഇരട്ടവോട്ട്; തെളിവുമായി സി പി എം ജില്ലാ സെക്രട്ടറി
കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം

കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. നിയമവിരുദ്ധമായി കള്ളവോട്ട് ചേര്‍ത്ത് ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം: വോട്ടര്‍ പട്ടികയില്‍ ടി സിദ്ധീഖ് എം എല്‍ എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480 ല്‍ ഉണ്ട്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണിവയലില്‍ ക്രമനമ്പര്‍ 799 ല്‍ വോട്ടര്‍ പട്ടികയിലും ഉണ്ട്. ഒരാള്‍ക്ക് തന്നെ രണ്ടിടത്ത് വോട്ട്.
ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും കള്ളവോട്ട് ചേര്‍ക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്.