Connect with us

Kerala

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐയുടെ ആശങ്കകൾ പരിഹരിക്കും: എം എ ബേബി

സംസ്ഥാനത്തെ വിദ്യാഭ്യാസം വർഗീയതയുടെ പിടിയിൽ പെടാതെയും കച്ചവട വൽക്കരിക്കപ്പെടാതെയും തടുത്തു നിർത്താൻ എൽ ഡി എഫ് സർക്കാരിന് കഴിയുമെന്ന ഉറപ്പിന്മേലാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം

Published

|

Last Updated

തിരുവനന്തപുരം | പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഈ വിഷയത്തിൽ സി പി എം, സി പി ഐ നേതൃത്വങ്ങളും മന്ത്രിമാരും ചേർന്ന് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ വർഗീയ വൽക്കരണത്തിനും കച്ചവട വൽക്കരണത്തിനും എതിരായി ഉറച്ച നിലപാട് സ്വീകരിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പി എം. ഉഷ പദ്ധതിയിൽ കേരളം നേരത്തെ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ നിർദേശം അപ്പടി സ്വീകരിച്ചല്ല അത് കേരളത്തിൽ നടപ്പാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (എൻ ഇ പി) ഭാഗമായി നാലുവർഷ ബിരുദ കോഴ്സാണ് കേന്ദ്രം നിർദേശിച്ചത്. ഒരു വർഷം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റും, മൂന്നു വർഷം പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഹോണററി ബിരുദവും നൽകാനാണ് കേന്ദ്രം നിർദേശിച്ചത്. എന്നാൽ കേരളത്തിൽ നാല് വർഷ കോഴ്സ് നടപ്പാക്കിയത് ഇതേ രീതിയിലേ അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ നടപ്പാക്കുന്നത് മുൻ വൈസ് ചാൻസലർ ശ്യാം മേനോൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കേരളത്തിൽ ഇത് നടപ്പാക്കിയത്. ആ മുൻ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയും കേരളം നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസം വർഗീയതയുടെ പിടിയിൽ പെടാതെയും കച്ചവട വൽക്കരിക്കപ്പെടാതെയും തടുത്തു നിർത്താൻ എൽ ഡി എഫ് സർക്കാരിന് കഴിയുമെന്ന ഉറപ്പിന്മേലാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിച്ച ഏക സംസ്ഥാനം കേരളമാണ്. ഈ പാഠപുസ്തകങ്ങളിൽ വർഗീയത ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest