Kerala
'മെസ്സി മാത്രം വന്നാൽ പോര, അത് ഞങ്ങളുടെ ലക്ഷ്യമല്ല': നവംബറിലെ മത്സരം മാറ്റിവച്ചതിനെക്കുറിച്ച് മന്ത്രി
ഈ വിൻഡോയിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ കളി അടുത്ത ഫിഫാ വിൻഡോയിൽ നടത്താനാകുമെന്നും, മത്സരം പൂർണ്ണമായി നഷ്ടമാവില്ലെന്നും മന്ത്രി
കൊച്ചി | അർജന്റീനൻ ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നവംബറിൽ നടത്താനിരുന്ന സൗഹൃദമത്സരം മാറ്റിവച്ചതിൽ പ്രതികരണവുമായി കായികമന്ത്രി വി അബ്ദുർറഹ്മാൻ. മത്സരം പൂർണ്ണമായി നഷ്ടമായിട്ടില്ലെന്നും ഫിഫാ അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസം മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം നഷ്ടമായാൽ ലയണൽ മെസ്സി മാത്രമായി റോഡ് ഷോ നടത്താൻ വന്നേക്കാം. എന്നാൽ, അത് തങ്ങളുടെ ലക്ഷ്യമല്ലെന്നും അതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ വിൻഡോയിൽ അർജന്റീനൻ ടീം കേരളത്തിലേക്ക് എത്തുന്നില്ല എന്ന് സ്പോൺസർ അറിയിച്ചത് ശരിയാണ്. ഫിഫാ അനുമതിയുമായി ബന്ധപ്പെട്ട ഒരു ചെറിയ പ്രശ്നമാണ് നിലവിലുള്ളത്. സ്റ്റേഡിയം അനുമതി വൈകിയതാണ് തടസ്സം. കളിക്ക് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ 20 ദിവസം മുൻപ് നൽകേണ്ടതായിരുന്നു. എന്നാൽ, സ്റ്റേഡിയത്തിന്റെ സ്വീറ്റിംഗ് കപ്പാസിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ സർട്ടിഫൈ ചെയ്ത് നൽകുന്ന നടപടികൾ പൂർത്തിയാക്കാൻ വൈകി. ഈ കാരണത്താലാണ് ഫിഫാ അംഗീകാരം ലഭിക്കുന്നതിൽ തടസ്സമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
അർജന്റീനൻ ടീം ഈ കളി മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെച്ചിട്ടില്ല. ഈ ദിവസത്തിനുള്ളിൽ അംഗീകാരം വാങ്ങി നൽകിയാൽ അവർ വരുന്നതാണ്. ഈ വിൻഡോയിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ കളി അടുത്ത ഫിഫാ വിൻഡോയിൽ നടത്താനാകുമെന്നും, മത്സരം പൂർണ്ണമായി നഷ്ടമാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നമുക്ക് വേണമെങ്കിൽ മെസ്സി മാത്രമായിട്ട് വരും, പക്ഷേ അത് നമ്മൾ ആഗ്രഹിക്കുന്നില്ല. മെസ്സി മാത്രം വന്ന് റോഡ് ഷോ നടത്തിപ്പോയാൽ നമ്മുടെ കായിക മേഖലയ്ക്ക് അതുകൊണ്ടുള്ള ഉപയോഗം ലഭ്യമാകില്ല. അതാണ് പ്രശ്നം. കേരള സർക്കാർ ഇതിനുവേണ്ടി നല്ല രീതിയിൽ ശ്രമിച്ചിട്ടുണ്ടെന്നും, എ ഐ എഫ് എഫ്. (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ), ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവരെല്ലാം അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
നിലവിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ലൈറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. ഫിഫാ റാങ്കിംഗിൽ 50-ൽ താഴെ റാങ്കുള്ള രണ്ട് ടീമുകൾ ആദ്യമായിട്ടാണ് ഇന്ത്യയിൽ കളിക്കാൻ വരുന്നതെന്നും, അതിനാൽ ഫിഫാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.



