Connect with us

National

ഹൈദരാബാദ് ബസ് അപകടം: കത്തിയമർന്നത് പാർസൽ അയച്ച 234 സ്മാർട്ട്ഫോണുകൾ; നഷ്ടം 46 ലക്ഷം രൂപ

ഈ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീപ്പിടുത്തത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായതെന്ന് ഫോറൻസിക് വിദഗ്ദ്ധർ

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദിലെ കുർണൂലിൽ 19 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിൽ കത്തിയമർന്നത് 46 ലക്ഷം രൂപ വിലവരുന്ന 234 സ്മാർട്ട്ഫോണുകളും. ബാംഗ്ലൂരിലെ ഒരു ഇ-കൊമേഴ്സ് കമ്പനിക്ക് വേണ്ടി അയച്ചതാണ് ഈ സ്മാർട്ട്ഫോണുകൾ. ഹൈദരാബാദ് ആസ്ഥാനമായ മംഗനാഥ് എന്ന വ്യാപാരിയാണ് സ്മാർട്ട്ഫോണുകൾ പാർസലായി ബസിൽ കയറ്റി അയച്ചത്.

ബസ് അപകടത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഈ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീപ്പിടുത്തത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായതെന്ന് ഫോറൻസിക് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഫോണുകൾക്ക് തീപിടിച്ചപ്പോൾ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.

സ്മാർട്ട്ഫോണുകളുടെ പൊട്ടിത്തെറിക്ക് പുറമെ ബസ്സിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ പി. വെങ്കടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ കൂടുതലായതിനാൽ ബസ്സിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ പോലും ഉരുകിപ്പോയെന്നും വെങ്കടരാമൻ പറഞ്ഞു.

ഇന്ധന ചോർച്ച കാരണമാണ് മുൻഭാഗത്ത് തീപിടിത്തം തുടങ്ങിയതെന്നാണ് കരുതുന്നത്. ഒരു ബൈക്കുമായി കൂട്ടിയിടിച്ച ശേഷമാണ് ബസ് കത്തിയത്. ഈ ബൈക്ക് ബസ്സിനടിയിൽ കുടുങ്ങി. ഇത് ഇന്ധനടാങ്കിൽ ദ്വാരമുണ്ടാക്കാൻ ഇടയാക്കുകയും പെട്രോൾ ചോരുകയും ചെയ്തതതായാണ് നിഗമനം.

ബസ്സിന്റെ നിർമ്മാണത്തിലെ ഒരു ഘടനാപരമായ പിഴവിലേക്കും ഡയറക്ടർ ജനറൽ വിരൽ ചൂണ്ടി. വാഹനത്തിന്റെ ഭാരം കുറയ്ക്കാനും വേഗത കൂട്ടാനുമായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിച്ചത് അടിയന്തിര സാഹചര്യങ്ങളിൽ ദോഷകരമായി മാറുകയും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest