Connect with us

Uae

എണ്ണയിതര ജി ഡി പി പുതിയ ഉയരങ്ങളിലേക്ക്

ആഭ്യന്തര ഉത്പാദനത്തിന്റെ 77 ശതമാനം ഈ മേഖലയിൽ നിന്ന്

Published

|

Last Updated

ദുബൈ| രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി ഡി പി) എണ്ണയിതര മേഖലയുടെ സംഭാവന 77 ശതമാനത്തിലെത്തി. ഫെഡറൽ കോംപിറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത് യു എ ഇയുടെ ചരിത്രത്തിൽ ആദ്യമായാണ് ജി ഡി പിയിൽ എണ്ണയിതര മേഖലയുടെ സംഭാവന ഇത്രയും വർധിക്കുന്നതെന്നാണ്. 2025-ന്റെ ആദ്യ പാദത്തിലെ കണക്കാണിത്.

യു എ ഇയിലെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ വേഗതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അറിവിനെയും നൂതനത്വത്തെയും അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക മാതൃക കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ നയങ്ങളുടെ ഫലപ്രാപ്തി ഇത് ഉറപ്പാക്കുന്നുവെന്നും സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. “വി ദി യു എ ഇ 2031′ എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത ദശാബ്ദത്തിൽ രാജ്യത്തിന്റെ ജി ഡി പി മൂന്ന് ട്രില്യൺ ദിർഹമായി വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

2025-ന്റെ ആദ്യ പാദത്തിൽ യു എ ഇയുടെ യഥാർഥ ജി ഡി പി 3.9 ശതമാനം വർധിച്ചു. എണ്ണയിതര മേഖല 5.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ജി ഡി പി 455 ബില്യൺ ദിർഹമിലെത്തി. ഇതിൽ 352 ബില്യൺ ദിർഹമും എണ്ണയിതര മേഖലയിൽ നിന്നാണ്. ഉത്പാദനം, ധനകാര്യം, ഇൻഷ്വറൻസ്, നിർമാണം തുടങ്ങിയ മേഖലകളാണ് വളർച്ചയിൽ മുന്നിട്ടുനിന്നത്. ഈ കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയും വളർച്ച തുടരാനുള്ള കഴിവും സ്ഥിരീകരിക്കുന്നതായും ഈ നേട്ടം യു എ ഇയുടെ നിക്ഷേപ അന്തരീക്ഷത്തിലുള്ള ആഗോള സമൂഹത്തിന്റെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Latest