Connect with us

Articles

ജനാധിപത്യമാണ്; അതിജയിക്കണം

വി ഡെം ഡെമോക്രസി റിപോര്‍ട്ടിന്റെ 2025ലെ പതിപ്പിൽ ഇന്ത്യയെ ജനാധിപത്യ രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ചില ദിവസങ്ങളിലായി രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന വോട്ട് ചോരി വിവാദം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത, ന്യൂനപക്ഷ വേട്ടയാടലുകള്‍, മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

Published

|

Last Updated

ജനങ്ങളെ ജനങ്ങള്‍ തന്നെ ഭരിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് ജനാധിപത്യം. നിരന്തരമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ജനാധിപത്യമെന്ന ആശയം ലോകത്ത് വികസിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യം നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചകള്‍ സജീവമാണ്. ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് പുറത്തിറക്കിയ ഡെമോക്രസി ഇന്‍ഡക്‌സ് ഇന്ത്യന്‍ ജനാധിപത്യത്തെ വികലമായ ജനാധിപത്യം എന്നാണ് വിശേഷിപ്പിച്ചത്. വി ഡെം ഡെമോക്രസി റിപോര്‍ട്ടിന്റെ 2025ലെ പതിപ്പിലും ഇന്ത്യയെ ജനാധിപത്യ രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ചില ദിവസങ്ങളിലായി രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന വോട്ട് ചോരി വിവാദം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത, ന്യൂനപക്ഷ വേട്ടയാടലുകള്‍, മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

പ്രതിചേര്‍ക്കപ്പെടുന്ന
തിരഞ്ഞെടുപ്പ് കമ്മീഷന്‍
ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് തിരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനത്തോട് ജനങ്ങള്‍ സംവദിക്കുന്നത് തങ്ങളുടെ വോട്ടിലൂടെയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അതിന്റെ മൂലക്കല്ലായ തിരഞ്ഞെടുപ്പ് പ്രക്രിയയും അതിന് നിയോഗിക്കപ്പെട്ട കമ്മീഷനും പ്രതിക്കൂട്ടില്‍ കയറിയിരിക്കുകയാണ്. വോട്ട് ചോരി എന്ന പേരില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ക്യാമ്പയിന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മഹാദേവപുരയില്‍ മാത്രം ഒരു ലക്ഷത്തിലധികം വോട്ടുകളാണ് സംശയാസ്പദമായ രീതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ തൃശൂര്‍ അടക്കമുള്ള രാജ്യത്തെ നിരവധി മണ്ഡലങ്ങളിലും ഇത്തരം സംശയങ്ങള്‍ കൂടുതലായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ബി ജെ പിയുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണം കൂടി രാഹുല്‍ ഗാന്ധി മുന്നോട്ട് വെക്കുന്നുണ്ട്.
അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം ഇത് അടിവരയിടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് ഒരുവിധത്തിലുമുള്ള ജനാധിപത്യ മര്യാദയും കമ്മീഷന്‍ പുലര്‍ത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കമ്മീഷന് സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയോട് സത്യവാങ്മൂലം നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ബിഹാറില്‍ 65 ലക്ഷത്തിലധികം ജനങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം നഷ്ടമായിരിക്കുന്നത്. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ എത്രത്തോളം നീതിയുക്തവും സ്വാതന്ത്രവുമാണ് എന്ന് കാണിക്കുന്ന വി ഡെമിന്റെ ഇലക്ടറല്‍ ഡെമോക്രസി ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 105 ആണെന്നത് വലിയ തോതില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. പലയിടങ്ങളിലായി കണ്ടെത്തിയ വോട്ടിംഗ് മെഷീന്‍ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നുണ്ട്.

നിശബ്ദമാക്കപ്പെട്ട
മാധ്യമങ്ങള്‍
“ജനാധിപത്യത്തിന്റെ നാലാം തൂണ്‍’ എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്കും ജനാധിപത്യ ഇന്ത്യയില്‍ രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജിനും കരണ്‍ ഥാപ്പറിനും രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് സമന്‍സ് കിട്ടിയത് കഴിഞ്ഞ വാരത്തിലാണ്. ഇന്ത്യ- പാക് യുദ്ധത്തില്‍ ഇന്ത്യക്ക് ഫൈറ്റര്‍ ജെറ്റുകള്‍ നഷ്ടപ്പെട്ടുവെന്ന പ്രചാരണങ്ങള്‍ ദി വയര്‍ പബ്ലിഷ് ചെയ്ത ലേഖനത്തില്‍ പരാമര്‍ശിച്ചു എന്നതാണ് പ്രധാന ആരോപണം.
ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ വിളിച്ചു പറയുന്ന മാധ്യമങ്ങള്‍ക്ക് നേരെയുള്ള വേട്ടയാടലുകള്‍ രാജ്യത്ത് പുതിയ സംഭവമല്ല. 2014 മുതല്‍ രാജ്യത്ത് 36ലധികം ജേര്‍ണലിസ്റ്റുകളെ ജയിലിലടച്ചിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം പേരെ യു എ പി എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നിരവധി മാധ്യമങ്ങളെ ഇതിനോടകം വേട്ടയാടിക്കഴിഞ്ഞു. 2023ല്‍ “ഇന്ത്യ, ദി മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറക്കിയ ഉടനെ ബി ബി സിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയിരുന്നു. ന്യൂസ് ക്ലിക്ക് പോലെയുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെ എഡിറ്റര്‍മാരെയും റിപോര്‍ട്ടര്‍മാരെയും ഭരണകൂടം നിരന്തരമായി വേട്ടയാടിയിരുന്നു. പത്ര-മാധ്യമ സ്വാതന്ത്ര്യം, പൊതു രാഷ്ട്രീയ ചര്‍ച്ച, അക്കാദമിക്- സാംസ്‌കാരിക ആവിഷ്‌കാരം എന്നിവയോടുള്ള സമീപനം അളക്കുന്ന ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ സബ് ഇന്‍ഡക്സില്‍ 2014ല്‍ 61ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2021 ആയപ്പോഴേക്കും 119ല്‍ എത്തിനില്‍ക്കുകയാണ്.
ഭരണകൂടത്തെ വിമര്‍ശിക്കുന്ന നിരവധി പുസ്തകങ്ങളും അക്കാദമിക് പഠനങ്ങളും ഇതിനോടകം രാജ്യത്ത് നിരോധിച്ച് കഴിഞ്ഞു. സമീപകാലത്ത് ഭരണകൂടത്തെ വിമര്‍ശിക്കുന്ന 25ഓളം പുസ്തകങ്ങളാണ് കശ്മീരില്‍ നിരോധിച്ചത്. 2017നും 2022നും ഇടയില്‍ ശാരീരിക ആക്രമണങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എന്നിവയുള്‍പ്പെടെ 130ലധികം അക്കാദമിക് സ്വാതന്ത്ര്യ ലംഘന കേസുകള്‍ സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് രേഖപ്പെടുത്തുകയുണ്ടായി. 2025ലെ അക്കാദമിക് ഫ്രീഡം ഇന്‍ഡക്‌സില്‍ 179 രാജ്യങ്ങളില്‍ ഇന്ത്യ 156ാം സ്ഥാനത്താണ്.

തുടരുന്ന
ന്യൂനപക്ഷ വേട്ടകള്‍
ആഗസ്റ്റ് 21ന് അല്‍ജസീറ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ നടത്തുന്ന ബുള്‍ഡോസര്‍ അതിക്രമങ്ങളെ തുറന്ന് കാണിക്കുന്നുണ്ട്. ഡോക്യുമെന്ററി പ്രകാരം, അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെയും താഴ്ന്ന ജാതിക്കാരുടെയും പതിനായിരക്കണക്കിന് വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും ഫാസിസ്റ്റ് ബുള്‍ഡോസറുകള്‍ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. ഹൗസിംഗ് ലാന്‍ഡ് റൈറ്റ്‌സ് നൈറ്റ്‌വര്‍ക്കിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം 2022 മുതല്‍ 2023 വരെ 1,53,820 വീടുകള്‍ പൊളിച്ചുമാറ്റപ്പെടുകയും 7,38,438 ആളുകള്‍ക്ക് പാര്‍പ്പിടം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. 2023ല്‍ 77 ശതമാനത്തോളം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. അവസാനമായി അസമിലും “ബുള്‍ഡോസര്‍ ജസ്റ്റിസ്’ നടപ്പാക്കുകയുണ്ടായി. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 ഉറപ്പ് നല്‍കുന്ന പാര്‍പ്പിടത്തിനുള്ള മൗലികാവകാശത്തിന്റെയും അനുഛേദം 14 ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെയും വ്യക്തമായ ലംഘനമാണിത്. ഇത്തരം കൈയേറ്റങ്ങളെ രാജ്യത്തെ പരമോന്നത കോടതി തന്നെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പൊളിച്ച് മാറ്റലുകള്‍ക്ക് മുമ്പും ശേഷവും പാലിക്കേണ്ട നിരവധി നടപടിക്രമങ്ങള്‍ ഒന്നും തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിഗണിക്കപ്പെടുന്നില്ല. നിശ്ചിത സമയത്തിന് മുമ്പ് നോട്ടീസ് നല്‍കുക, വീഡിയോ റെക്കോര്‍ഡ് ചെയ്യുക, പുനരധിവാസം ഉറപ്പ് വരുത്തുക തുടങ്ങിയ സുപ്രീം കോടതി മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ക്ക് പുല്ല് വിലയാണ് കല്‍പ്പിക്കപ്പെടുന്നത്. നാച്വറല്‍ ജസ്റ്റിസിന്റെ ഭാഗമായ, മറുവശത്തെ കേള്‍ക്കുക എന്ന സാമാന്യ മര്യാദ പോലും പാലിക്കപ്പെടുന്നില്ല. ക്രിമിനല്‍ കുറ്റാരോപിതരുടെ വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാത്ത ഇത്തരം നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്.
രേഖപ്പെടുത്തിയ കേസുകളില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ടത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളായിരുന്നു. കുടിയിറക്കല്‍ കേസുകളില്‍ 44 ശതമാനത്തോളം ഇരകള്‍ മുസ്‌ലിംകളാണ്. ആദിവാസി സമൂഹങ്ങള്‍ (23 ശതമാനം), മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (17 ശതമാനം), പട്ടിക ജാതി (അഞ്ച് ശതമാനം) തുടങ്ങിയ ന്യൂനപക്ഷങ്ങളും ഈ ബുള്‍ഡോസര്‍ രാജിന്റെ ഇരകളാണ്.

പുതിയ പ്രതീക്ഷകള്‍
ജനാധിപത്യം അസ്തമിച്ചു തുടങ്ങിയ ഈ കാലത്തും ശക്തമായ പ്രതിപക്ഷം വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം വലിയ തോതിലുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ജനസമ്മതിയും രാഷ്ട്രീയ ഭാവിയില്‍ ഗുണം ചെയ്യും. വോട്ട് അധികാര്‍ യാത്ര പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട്. ആഗസ്റ്റ് രണ്ടിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മാത്രം 1.03 മില്യനോളം ഫോളോവേഴ്‌സാണ് പുതുതായി വന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 1.43 മില്യണ്‍ ഫോളോവേഴ്‌സും പുതുതായി വന്നിട്ടുണ്ട്. ഇതിന് പുറമെ ടി എം സി, ഡി എം കെ, എ എ പി, ആര്‍ ജെ ഡി, സമാജ്വാദി പാര്‍ട്ടി പോലെയുള്ള പ്രതിപക്ഷ മുന്നണിയിലെ പാര്‍ട്ടികളും അതാത് സംസ്ഥാനങ്ങളില്‍ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. പുതിയ കാലത്ത് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിന്നുണ്ടാകുന്ന വിധിന്യായങ്ങളിലും പ്രതീക്ഷ പുലര്‍ത്താം. ബുള്‍ഡോസര്‍ ജസ്റ്റിസ്, വഖ്ഫ് ബില്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ ഭരണഘടനയെ സംരക്ഷിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് കോടതികളില്‍ നിന്നുണ്ടായത്.
ജനാധിപത്യം പ്രതിരോധത്തിലായ ഈ കാലത്തും നമുക്ക് പ്രതീക്ഷകള്‍ ഉണ്ട്. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തെ അതിജീവിച്ചവരാണ് നമ്മള്‍. ഈ സമയവും കടന്ന് പോകും.

---- facebook comment plugin here -----

Latest