Aksharam Education
രോഗങ്ങളും വാഹകരും
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവയാണ് സൂക്ഷ്മാണുക്കൾ. വായുവിലും കരയിലും വെള്ളത്തിലുമുൾപ്പെടെ എല്ലായിടത്തും സൂക്ഷ്മാണുക്കൾ കാണപ്പെടുന്നു. മനുഷ്യശരീരത്തിൽ പോലും നിരവധി സൂക്ഷ്മാണുക്കൾ വസിക്കുന്നുണ്ട്. മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് വൈറസുകളാണ്.
ആധുനിക കാലത്ത് മനുഷ്യനെ തേടി പുതിയ പുതിയ രോഗങ്ങളാണെത്തുന്നത്. ശാസ്ത്രലോകത്തും ആരോഗ്യമേഖലയിലും പുതിയ രോഗങ്ങളും പുതിയ വകഭേദങ്ങളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. ഏറെ കാലം ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ നമ്മെയൊക്കെ വീട്ടിനുള്ളിൽ തളച്ചിട്ട കൊവിഡ് മുതൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കേട്ടുതുടങ്ങിയ മസ്തിഷ്‌ക ജ്വരം വരെ ആരോഗ്യ ശാസ്ത്രത്തിന് ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. പണ്ടു കേൾക്കാത്ത പല വൈറസുകളുടെയും രോഗങ്ങളുടെയും പേരുകൾ പത്രങ്ങളിലൂടെ വായിച്ചറിയുന്നു. പത്താംക്ലാസ്സിലെ ജീവശാസ്ത്രത്തിൽ രോഗങ്ങളെ അകറ്റിനിർത്താം എന്ന പാഠം നമുക്ക് പഠിക്കാനുണ്ടല്ലോ. ഇന്ന് നമുക്ക് വിവിധ രോഗങ്ങളെ കുറിച്ച് അറിയാം അക്ഷരത്തിലൂടെ..
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവയാണ് സൂക്ഷ്മാണുക്കൾ. പലതരം സൂക്ഷ്മാണുക്കളും നിരുപദ്രവകരവും നമ്മുടെ ശരീരത്തിന് ഗുണകരവുമാണ്. എന്നിരുന്നാലും, ചില സൂക്ഷ്മാണുക്കൾ സൂക്ഷ്മജീവികളുടെ അണുബാധക്കോ രോഗകാരികൾക്കോ കാരണമാകുകയും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. ഭൂമിയിലെ ഏത് പരിതസ്ഥിതിയിലും സൂക്ഷ്മജീവികൾ കാണപ്പെടുന്നുണ്ട്. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. ഏകകോശ രൂപത്തിലോ ബഹുകോശ രൂപത്തിലോ ആണ് ഇവ ജീവിക്കുന്നത്.
വായുവിലും കരയിലും വെള്ളത്തിലുമുൾപ്പെടെ എല്ലായിടത്തും സൂക്ഷ്മാണുക്കൾ കാണപ്പെടുന്നു.മനുഷ്യശരീരത്തിൽ പോലും നിരവധി സൂക്ഷ്മാണുക്കൾ വസിക്കുന്നുണ്ട്.
സൂക്ഷ്മജീവി രോഗങ്ങൾ
ക്ഷയം, തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ബാക്ടീരിയ കാരണമായുണ്ടാകുന്നതാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളാണ് കൊവിഡ് പോലെയുള്ളവ. കാൻഡിഡിയസിസ്, അത്‌ലറ്റിസ് ഫൂട്ട് പോലുള്ള രോഗങ്ങൾ ഫംഗസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. മലേറിയ, ജിയാർഡിയാസിസ് പോലെയുള്ളവ പരാദങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.
ഓരോതരം സൂക്ഷ്മാണുവുംസവിശേഷമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അണുബാധയുടെ വ്യത്യസ്ത സംവിധാനങ്ങളും രോഗപ്രക്രിയകളും ഇതിന് കാരണമാകുന്നു. സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന ചില രോഗങ്ങൾക്ക് ചികിത്സ ആവശ്യമില്ല. അവ സ്വന്തമായി സുഖപ്പെടും. എന്നാൽ, ചില സൂക്ഷ്മാണുക്കൾ ദീർഘകാലത്തേക്ക് ബാധിച്ചേക്കാവുന്ന രോഗങ്ങൾക്ക് കാരണമാകുന്നു. സൂക്ഷ്മാണുക്കളെയും അവ ഉണ്ടാക്കുന്ന രോഗങ്ങളെയും കുറിച്ച് കൂടുതൽ അറിയാം.
സൂക്ഷ്മാണു രോഗങ്ങളുടെ കാരണങ്ങൾ
വ്യത്യസ്ത സൂക്ഷ്മാണുക്കൾ വഴി പല രോഗങ്ങൾ പടരുന്നുവെന്ന് പറഞ്ഞല്ലോ. ഇത് വ്യത്യസ്ത അണുബാധകളിലേക്ക് നയിക്കുന്നു. ഈ സൂക്ഷ്മാണുക്കൾ അവയുടെ അണുബാധയുടെ രീതികളിലും രോഗത്തിന്റെ കാരണങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാം. എന്നാൽ, ഇവയെല്ലാം ഒരു വ്യക്തിയുടെ ശരീരത്തിലെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ബാക്ടീരിയ
രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകൾ പ്രോകാരിയോട്ടിക് സൂക്ഷ്മാണുക്കളാണ്. അതിൽ ഒരൊറ്റ കോശവും ഒരു മെംബ്രൺ ഇല്ലാത്ത ഒരു ന്യൂക്ലിയസും ഉണ്ട്. അവക്ക് വടികൾ, ഗോളങ്ങൾ, സർപ്പിളങ്ങൾ എന്നിങ്ങനെ വിവിധ ആകൃതികളുണ്ടാകാം. ആളുകളുടെ ശരീരത്തിൽ ഇതിനകം കോടിക്കണക്കിന് ദോഷകരമല്ലാത്ത ബാക്ടീരിയകൾ ഉണ്ട്. ചില ബാക്ടീരിയകൾ ശരീരത്തെ ആക്രമിക്കുകയും ഗുരുതരമായ രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.
വൈറസുകൾ
മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് വൈറസുകളാണ്. പുനരുത്പാദനത്തിന് മറ്റൊരു ജീവിയുടെ ജീവകോശം ആവശ്യമായ സൂക്ഷ്മാണുക്കളാണവ. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ, ബാക്ടീരിയകൾ, ആർക്കിയ എന്നിവയുൾപ്പെടെ എല്ലാ ജീവജാലങ്ങളെയും വൈറസുകൾ ബാധിക്കുന്നു.ഫംഗസ്ഇത് ഒരു യൂക്കാരിയോട്ട സൂക്ഷ്മാണുവാണ്. ഡി എൻ എ ഒരു സ്തരത്തിൽ അടച്ച് ഒരു ന്യൂക്ലിയസ് ഉണ്ടാക്കുന്നു.
ഫംഗസ്
ഏകകോശ രൂപത്തിലോ വളരെ സങ്കീർണമായ ബഹുകോശ രൂപത്തിലോ ആകാം. എല്ലാ ഫംഗസുകളും ശരീരത്തെ ബാധിക്കുന്നില്ല, പക്ഷേ ചിലത് രോഗങ്ങൾക്ക് കാരണമാകുന്നു.
പ്രോട്ടോസോവ
സ്വതന്ത്രമായോ പരാദങ്ങളായോ ജീവിക്കാൻ കഴിയുന്ന ഏകകോശ യൂക്കാരിയോട്ടകളുടെ കൂട്ടമാണ് പ്രോട്ടോസോവ. അവ സാധാരണയായി അവശിഷ്ടങ്ങൾ, സൂക്ഷ്മാണുക്കൾ അല്ലെങ്കിൽ ജൈവ കലകൾ പോലുള്ള മറ്റ് ജീവജാലങ്ങളെ ഭക്ഷിക്കുന്നു. പ്രോട്ടോസോവയുടെ ഒരു ഉദാഹരണമാണ് ആകൃതി മാറ്റാൻ കഴിയുന്ന അമീബ. പരിസ്ഥിതിയിലെ നിരവധി സ്രോതസ്സുകളിലൂടെ സൂക്ഷ്മജീവി അണുബാധകൾ പകരാൻ സാധ്യതയുണ്ട്.
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിലേക്ക് അതിക്രമിച്ചു കയറുന്ന രോഗകാരികളായ ബാക്ടീരിയകൾ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. വായുവിലൂടെ പകരുന്ന ക്ഷയത്തിന് കാരണമാകുന്ന വില്ലൻ മൈകോബാക്ടീരിയം ആണ്. വെള്ളത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ടൈഫോയ്ഡിന് കാരണക്കാരൻ സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ്. ന്യുമോണിയക്ക് കാരണമാകുന്നത് ഹീമോഫിലസ് ഇൻഫ്ലുവൻസയും സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയുമാണ്. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകുരന്ന കോളറക്ക് കാരണം വിബ്രിയോ കോളറെയാണ്. ഏറെ കേട്ട് പരിചയമുള്ള ആന്ത്രാക്സ് മലിനമായ മാംസവുമായി സമ്പർക്കം പുലർത്തുന്നത് വഴിയാണ് ഉണ്ടാകുന്നത്.
ബാസിലസ് ആന്ത്രാസസ് എന്ന ബാക്ടീരിയയാണ് കാരണക്കാരൻ. വായുവിലൂടെ പകരുന്ന ഡിഫ്തീരിയക്ക് കോറിനെബാക്ടീരിയം എന്ന ബാക്ടീരിയയാണ് കാരണക്കാരൻ. പണ്ടുകാലത്ത് ഏറെ ഭീതി പരത്തിയ വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്ന പ്ലേഗിന് കാരണക്കാരൻ യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ്.
(സൂക്ഷ്മാണുക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ലക്കത്തിൽ)


