Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ 12നകം ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം,വീഴ്ച വരുത്തുന്നവര്‍ക്ക് അയോഗ്യത

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം.

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പില്‍ തുടര്‍ന്ന് മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക.

2025 ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളുണ്ടാകുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മീഷണര്‍ അറിയിച്ചു.

https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ ലോഗിന്‍ ചെയ്ത് വേണം ഓണ്‍ലൈനായി കണക്ക് സമര്‍പ്പിക്കാന്‍. ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്

 

Latest