Kerala
അടച്ചിട്ട വീട്ടില്‍ നിന്നും പത്ത് പവനും പതിനായിരം രൂപയും കവര്‍ന്നു; പ്രതി പിടിയില്‍
മോഷണശേഷം കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
മട്ടന്നൂര്‍ \ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്തു 10 പവന്‍ സ്വര്‍ണാഭരണങ്ങളും 10000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് വട്ടമന്നപുരം സ്വദേശി എം നവാസിനെയാണ് (55) മട്ടന്നൂര്‍ പോലീസ് പിടികൂടിയത്. മോഷണശേഷം കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂര്‍ പാലയോട്ടെ പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണന്‍ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണന്‍ മകളുടെ ബെംഗളൂരുവിലെ വീട്ടില്‍ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
മുന്‍ വശത്തെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്താണ് വീട്ടില്‍ കയറിയത്. വീടിനു ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും സ്ഥാപിച്ച കാമറകള്‍ തകര്‍ത്തുഇയാള്‍ കൊണ്ടുപോയി. എന്നാല്‍ ഒരു സിസിടിവിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.ഇതാണ് പോലീസിന് തുമ്പായത്.





