International
ഇറാനിൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു; കൂടുതലും കുട്ടികൾ
മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ മാത്രം അമ്പതിലധികം വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഹോർമോസ്ഗാൻ | തെക്കൻ ഇറാന്റെ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഇസ്റാഈൽ-യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം. മിനാബ്, ജാസ്ക് നഗരങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളിൽ ചുരുങ്ങിയത് 70 പേർ കൊല്ലപ്പെട്ടതായും തൊണ്ണൂറിലധികം പേർക്ക് പരിക്കേറ്റതായും ഹോർമോസ്ഗാൻ മെഡിക്കൽ സയൻസസ് മേധാവിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ മാത്രം അമ്പതിലധികം വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നാണ് വിവരം. മിനാബിലെ സ്കൂൾ കെട്ടിടം പൂർണ്ണമായും തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
മിനാബ് നഗരത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ ആർ ജി സി) സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നതിനാൽ ആ മേഖല ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് സ്കൂളിന് മേൽ പതിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സംഭവത്തിൽ യുഎസ് അല്ലെങ്കിൽ ഇസ്റാഈൽ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Summary
Tragedy struck southern Iran’s Hormozgan province as at least 70 people were killed and 90 injured in recent airstrikes by US and Israeli forces. A devastating hit on a girls’ elementary school in Minab city alone resulted in the deaths of over 50 students, primarily aged between seven and twelve. While the strikes targeted strategic areas like Minab and Jask, the high civilian toll has sparked intense condemnation from Iranian officials as the regional conflict escalates.




