kerala yathra
ചരിത്രമെഴുതാൻ കേരളയാത്ര
കാസർകോട്ട് ഇന്ന് തുടക്കം
കേരളയാത്രാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാസർകോട് ജില്ലാ നേതാക്കളും കർണാടകയിലെ നേതാക്കളും ചേർന്ന് സ്വീകരിക്കുന്നു
കാസർകോട് | സമൂഹത്തെ നവോത്ഥാനത്തിന്റെ ഔന്നത്യങ്ങളിലേക്ക് നയിച്ച ചരിത്ര താരകങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള കേരള യാത്രക്ക് സപ്തഭാഷാ സംഗമ ഭൂമിയിൽ ഇന്ന് തുടക്കം. മനുഷ്യത്വത്തെ സ്‌നേഹിക്കുന്ന മാനസങ്ങളിലേക്ക് സൗഹൃദത്തിന്റെ പൊൻവെട്ടവുമായാണ് പണ്ഡിത നായകന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്.
മാലിക് ദീനാറിന്റെ തിരുസാന്നിധ്യത്താൽ ധന്യതയാർന്ന ഉത്തര കേരളത്തിൽ നിന്നാരംഭിച്ച് പടയോട്ട ഭൂമികളിലൂടെ, കർഷകവീര്യമുണർത്തുന്ന മണ്ണിലൂടെ, മലയോരങ്ങളും കടൽത്തീരങ്ങളും കായലും താണ്ടി യാത്ര 16ന് അനന്തപുരിയിൽ സമാപിക്കും. മലയാണ്മയുടെ മനസ്സിലേക്ക് സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രകാശം വിതറിയ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ സാരഥ്യത്തിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്കാണ് യാത്ര. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി എന്നിവരാണ് ജാഥാ ഉപനായകർ.
ഇന്ന് ഉച്ചക്ക് 1.30ന് ഉള്ളാൾ സയ്യിദ് മദനി ദർഗ സിയാറത്തോടെ ആരംഭിക്കുന്ന കേരളയാത്ര കാലുഷ്യമുറ്റി നിൽക്കുന്ന വർത്തമാനകാലത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയത്തിൽ “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയമാണ് യാത്ര ചർച്ച ചെയ്യുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. 2.30ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരും കേരളയാത്രാ സമിതി ചെയർമാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ ) ചേർന്ന് ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പതാക കൈമാറും. കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, കർണാടക സ്പീക്കർ യു ടി ഖാദർ, ദർഗ പ്രസിഡന്റ്ഹനീഫ് ഹാജി ഉള്ളാൾ, ഡോ. മുഹമ്മദ് ഫാസിൽ റസ്‌വി കാവൽക്കട്ട സംബന്ധിക്കും. വൈകിട്ട് നാലിന് കാസർകോട് ചെർക്കളയിൽ ജില്ലാ നേതാക്കൾ സെന്റിനറി ഗാർഡുകളുടെ അകമ്പടിയോടെ യാത്രയെ സ്വീകരിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക സ്പീക്കർ യു ടി ഖാദർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എ കെ എം അശ്റഫ്, ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദർ മാത്യു ബേബി മാർത്തോമ, കല്ലട്ര മാഹിൻ ഹാജി സംബന്ധിക്കും.
യാത്രയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളയാത്ര സമിതി ചെയർമാൻ കെ എസ് ആറ്റക്കോയതങ്ങളും കൺവീനർ സി മുഹമ്മദ് ഫൈസിയും അറിയിച്ചു.

