Kuwait
കുവൈത്തില്‍ വിദേശികളുടെ പുതിയ താമസ നിയമം പ്രാബല്യത്തില്‍; നിയമലംഘകര്‍ക്ക് പിടിവീഴും
നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കനത്ത പിഴക്ക് പുറമേ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശികളുടെ താമസ നിയമം പ്രാബല്യത്തില്‍ വന്നതോടെ താമസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ പിഴശിക്ഷ പ്രഖ്യാപിച്ചു. വിദേശ തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് നിയമപരമായി വ്യക്തമാക്കിയ കാലയളവിനുള്ളില്‍ താമസ അനുമതി നേടിയില്ലെങ്കില്‍ ആദ്യമാസത്തേക്ക് വൈകിയതിന് പ്രതിദിനം രണ്ട് ദിനാറും തുടര്‍ന്നുള്ള ഓരോ ദിവസത്തിനും പ്രതിദിനം നാലുദിനാറും പിഴ ഈടാക്കും. ഇത് പരമാവധി 1,200 ദിനാര്‍ വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഗാര്‍ഹിക തൊഴിലാളി വിസയിലെത്തിയവര്‍ക്ക് പ്രതിദിനം രണ്ട് ദിനാറും പരമാവധി 600 ദിനാര്‍ വരെയും ആയിരിക്കും പിഴ ഒടുക്കേണ്ടി വരിക. എല്ലാ വിഭാഗം സന്ദര്‍ശക വിസകളിലും എത്തുന്നവര്‍ക്ക് വിസ കാലാവധി അവസാനിച്ചാല്‍ ഓരോ ദിവസത്തിനും 10 ദിനാര്‍ വീതം പിഴ ചുമത്താനാണ് തീരുമാനം. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരമാവധി പിഴ 2000 ദിനാര്‍ വരെ ആയിരിക്കും.
പ്രധാനപ്പെട്ട പിഴ നിരക്കുകള്‍:
താമസാനുമതി പുതുക്കാത്തവര്‍ക്ക്, അല്ലെങ്കില്‍ താമസാനുമതി റദ്ദാക്കിയിട്ടും രാജ്യം വിടാത്തവര്‍ക്ക് ആദ്യ ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് കുവൈത്ത് ദിനാര്‍ വീതം. ഒരു മാസത്തിനു ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പിഴ പ്രതിദിനം നാല് ദിനാറായി ഉയരും. സന്ദര്‍ശന വിസയില്‍ എത്തിയവര്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2000 ദിനാര്‍ വരെ ആകാം. താത്ക്കാലിക റെസിഡന്‍സി കാലാവധി കഴിഞ്ഞ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പ്രതിദിനം രണ്ട് ദിനാര്‍ ആണ് പിഴയായി ഈടാക്കുക. 600 ദിനാര്‍ വരെയാണ് പരമാവധി പിഴ.
താമസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കനത്ത പിഴക്ക് പുറമേ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ താമസാനുമതി വിവരങ്ങള്‍ പരിശോധിക്കുവാനും പിഴകള്‍ ഒഴിവാക്കാനും മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.



