Connect with us

Kerala

തിരുവനന്തപുരം മെട്രോ റെയിൽ; ആദ്യ അലൈൻമെൻ്റിന് അംഗീകാരം

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

Eതിരുവനന്തപുരം | തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുക. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട അലൈൻമെൻ്റാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സുപ്രധാന വിവരം അറിയിച്ചത്. പദ്ധതി തലസ്ഥാന നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

​പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കുന്നതാണ് അംഗീകരിച്ചിട്ടുള്ള പാത. 31 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആകെ 27 സ്റ്റേഷനുകളാണ് ഉണ്ടാവുക. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഈ പാതയിലെ ഇന്റർചേഞ്ച്‌ സ്റ്റേഷനുകൾ.

​മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല നേരത്തെ തന്നെ കെ എം ആർ എൽ-നെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Latest